ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്താനിരിക്കെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ വേഗത്തിലാക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ, കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനോ , മരങ്ങള്‍ മുറിച്ചുമാറ്റാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട കടലാസുജോലികളുമായി മുന്നോട്ടുപോകാനും ഈ മാസം പത്തിന് തീരുമാനിച്ചിരിക്കുന്ന ശിലാസ്ഥാപന ചടങ്ങിനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. സ്റ്റേയില്ലെന്ന് കരുതി നിര്‍മാണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. കൊവിഡ് മഹാമാരിയുടെ കാലത്ത് വന്‍തുക മുടക്കി പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.എന്നാല്‍ അതൊന്നും കാര്യമാക്കാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി കേന്ദ്രം മുന്നോട്ടുപോവുകയായിരുന്നു.
ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്തായാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത്. 64,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പുതിയ മന്ദിരത്തിന് 971 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2022 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. ഇപ്പോഴത്തെ മന്ദിരം പുരാവസ്തുവായി സംരക്ഷിക്കും.പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കരാര്‍ 861.9 കോടി രൂപയ്ക്ക് ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് സ്വന്തമാക്കിയിരിക്കുന്നത്.