ഡല്‍ഹി: രാജ്യത്ത് ഓക്സ്ഫഡ് വാക്സിന് ഉപയോഗിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടി. ഇതോടെ കോവിഡ് വാക്സിന് രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി തേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി സെറം. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്കാണ് സെറം അപേക്ഷ നല്‍കിയത്.
വാക്സിന് ഉടന്‍ ലഭ്യമാക്കണമെന്ന പൊതുജന താല്പര്യവും മഹാമാരിയെ നേരിടാനുള്ള ഏകമാര്‍ഗവും പരിഗണിച്ചാണ് സെറം അടിയന്തിരമായി അനുമതി തേടിയതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
ഫൈസര്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ രാജ്യത്തെ കമ്പനിയായ ഫൈസര്‍ ഇന്ത്യ അനുമതി തേടിയതിന് പിന്നാലെയാണ് സെറം അപേക്ഷ നല്‍കിയത്. ഫൈസറിന് വാക്സിന് ഉപയോഗിക്കാന്‍ യു.കെയില്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അവര്‍ ഇന്ത്യയില്‍ അപേക്ഷ സമര്‍പ്പിച്ചത്. യു.കെയില്‍ ഈ ആഴ്ച മുതല്‍ ജനങ്ങളില്‍ വാക്സിന് കുത്തിവെയ്പ്പ് ആരംഭിക്കും.
ഓക്സ്ഫഡ് വാക്സിന്റെയും കോവിഷീല്‍ഡിന്റെയും മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്) സഹകരണത്തോടെയും ആണ് നടത്തുന്നത്.
രണ്ടും മൂന്നും ഘട്ടങ്ങളിലെ ക്ലിനിക്കല്‍ ട്രയലിന്റെ ഫലം പരിശോധിച്ചതില്‍ നിന്ന് വാക്സിന് എത്രയും വേഗം ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഐ.സി.എം.ആര് കഴിഞ്ഞമാസം അറിയിച്ചിരുന്നു.
സെറം 40 ലക്ഷം ഡോസ് വാക്സിന് നിര്‍മിച്ചെന്നാണ് ഐ.സി.എം.ആര് അവകാശപ്പെടുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ക്കും കോവിഡ് അണുബാധയ്ക്കും എതിരെ കോവിഷീല്‍ഡ് വളരെ ഫലപ്രദമാണെന്നാണ് യു.കയിലെ രണ്ടും ഇന്ത്യയിലെയും ബ്രസീലിലെയും ഓരോ ക്ലിനിക്കല്‍ ട്രയലുകളില്‍ നിന്നും വ്യക്തമായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.