കൊല്ലം : കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കേരള സിവിൽ ഡിഫെൻസ് സേനയുടെ കോവിഡ് പ്രതിരോധ സുരക്ഷ പ്രവർത്തനങ്ങളിൽ ജില്ലാ ആശുപത്രിയിലെ സേവനങ്ങളിൽ പങ്കാളികളായി ജില്ലാ ഭരണ കൂടത്തിന്റെയും, ആരോഗ്യ വകുപ്പിന്റെയും പ്രശംസാ പത്രം നേടിയ സമിതി ഭാരവാഹികളെ സമിതി രക്ഷാധികാരി ബി പ്രദീപ് പൊന്നാട അണിയിച്ച് ആദരിച്ചു

ഇരുപത്തഞ്ചു വർഷമായി കേരളത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായും , ജീവ കാരുണ്യ മേഖലയിലും സജീവമായി പ്രവർത്തിച്ചു വരുന്ന കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ഇരുപതോളം അംഗങ്ങൾ കേരള ഫയർ & റെസ്ക്യു് സർവീസസിന്റെ കമ്മ്യൂണിറ്റി റെസ്ക്യു് വാളന്റീയരായി കൊല്ലം കടപ്പാക്കട നിലയത്തിൽ ഏതൊരു അത്യാഹിത ഘട്ടങ്ങളിലും സേനയെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നു. പ്രളയ ദുരന്ത കാല ഘട്ടങ്ങളിലും സമിതിയുടെ അംഗങ്ങൾ സേന അംഗങ്ങളോടൊപ്പം ജീവ രക്ഷാ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു. കേരള സിവിൽ ഡിഫെൻസ് സേനയുടെ രൂപീകരണത്തിൽ സമിതിയുടെ അംഗങ്ങൾക്കും പ്രത്യേകമായ പരിഗണന നൽകി സേനയിൽ ഉൾപെടുത്തുകയും, നാളിതു വരെ സിവിൽ ഡിഫെൻസ് സേനയുടെ പ്രവർത്തനങ്ങളിൽ മുഖ്യ ധാരയിൽ സമിതിയുടെ അംഗങ്ങൾ പ്രവർത്തിച്ചു വരുന്നു. ലോകത്താകമാനമുണ്ടായ കൊറോണ വൈറസ് ഭീതിയിൽ ലോക്ക് ഡൌൺ കാലയളവിൽ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ കൂടാതെ സിവിൽ ഡിഫെൻസ് സേനയുടെ നേതൃത്വത്തിൽ ഉച്ച ഭക്ഷണ വിതരണം, അവശ്യ മരുന്നുകൾ എത്തിച്ചു കൊടുക്കുക, കോവിഡ് പ്രതിരോധ സുരക്ഷാ ബോധവൽക്കരണം, രോഗികളെ ആശുപത്രിയിൽ എത്തിക്കുക, തുടങ്ങിയുള്ള പ്രവർത്തങ്ങളിൽ സമിതി അംഗങ്ങൾ പങ്കെടുത്തു. ലോക്ക് ഡൌൺ ഇളവ് പ്രഖ്യാപിച്ച സമയങ്ങളിൽ
കൊല്ലം ജില്ലാ ആശുപത്രിയിൽ
കൂടുതൽ രോഗികൾ എത്തി തുടങ്ങിയ സാഹചര്യത്തിൽ ആശുപത്രിയിലെ രോഗികളുടെയും, കൂട്ടിരിപ്പു കാരുടെയും തിരക്ക് നിയന്ത്രണാധീതമായതിനാൽ സേനയുടെ സഹായം ജില്ലാ ഭരണ കൂടവും, ആരോഗ്യ വകുപ്പും ആവശ്യപ്പെട്ടതനുസരിച്ച് നാല്പതോളം സിവിൽ ഡിഫെൻസ് സേന അംഗങ്ങൾ രണ്ട് ടീമുകളായി ഒരു മാസത്തോളം കോവിഡ് പ്രതിരോധ സുരക്ഷ പ്രവർത്തനങ്ങളിൽ സേവനം നൽകി. പ്രവർത്തന മികവിന്റെ ഭാഗമായി ജില്ലാ ഭരണ കൂടത്തിന്റെയും, ആരോഗ്യ വകുപ്പിന്റയും പ്രത്യേക
പ്രശംസ പത്രം
കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ ശ്രീലതയുടെയും കയ്യൊപ്പോടു കൂടിയത് സിവിൽ ഡിഫെൻസ് സേന അംഗങ്ങൾക്ക് കൊല്ലം കടപ്പാക്കട അഗ്നിശമന നിലയത്തിൽ നടന്ന ചടങ്ങിൽ കേരള ഫയർ & റെസ്ക്യു് സർവീസസ് കൊല്ലം ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ വിതരണം ചെയ്തിരുന്നു. കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആറ് പേർക്ക് പ്രശംസാ പത്രം ലഭിച്ചതിൽ സമിതിയുടെ സ്നേഹാദരവ് അംഗങ്ങൾ ക്ക് നൽകുന്നതിനായി സംസ്ഥാന കമ്മിറ്റി പ്രത്യേകം ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. സമിതി രക്ഷാധികാരിയും മുൻ ജയിൽ ഡി ഐ ജി യുമായ ബി പ്രദീപ് പ്രശംസാ പത്രം നേടിയ സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ, വൈസ് പ്രസിഡന്റ് ഷിബു റാവുത്തർ, സെക്രട്ടറി ഷാജി പാരിപ്പള്ളി, ബിന്ദു എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ആദരിക്കൽ ചടങ്ങിൽ ജീവ കാരുണ്യ പ്രവർത്തകൻ മുഖത്തല സുഭാഷ് ആശംസകൾ അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന ആദരിക്കൽ ചടങ്ങ് സമിതി അംഗങ്ങൾക്കും പൊതു ജനങ്ങൾക്കും വീക്ഷിക്കുന്നതിനായി ഓൺലൈൻ സംവിധാനത്തിലൂടെ സും പ്ലാറ്റഫോമിലാണ് നടന്നത്. സിവിൽ ഡിഫെൻസ് സേന അംഗങ്ങളും, ഭാരവാഹികളും ചടങ്ങിനൊപ്പം സ്നേഹ വിരുന്നിലും പങ്കെടുത്തു.