കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ റിമാന്റ് കാലാവധി കോടതി നീട്ടി. ഈ മാസം 16 വരെയാണ് നീട്ടിയത്. റിമാന്‍ന്റ് നീട്ടണമെന്ന വിജിലന്‍സിന്റെ അപേക്ഷ പരിഗണിച്ചാണ്
നടപടി. ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ തുടരും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് രണ്ടാഴ്ചത്തേക്ക് നീട്ടി. ഡിസംബര്‍ 16 വരെ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ആവശ്യമുന്നയിച്ചിട്ടുള്ളത്.
ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാനുള്ള അപേക്ഷ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പെറ്റീഷന് ഈ ഘട്ടത്തില്‍ പരിഗണിക്കാനാകില്ലെന് കോടതി വ്യക്തമാക്കി. വീഡിയോ കോളിലൂടെ ജഡ്ജി ഇബ്രാഹിം കുഞ്ഞുമായി സംസാരിച്ച ശേഷമാണ് ഉത്തരവ്.
നവംബര്‍ 30ന് തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം കൊച്ചിയിലെ ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനോട് അദ്ദേഹം സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.
പാലാരിവട്ടം അഴിമതിക്കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നവംബര്‍ 18 നാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്.