പാലക്കാട്/പട്ടാമ്പി: എൻസിസി ദിനാചരണത്തിൻ്റെ ഭാഗമായി ഒറ്റപ്പാലം 28 കേരള എൻ സി സി ബറ്റാലിയനു കീഴിലുള്ള കാഡറ്റുകൾ രക്തദാനം നടത്തി. സാമൂഹ്യ സേവന പരിപാടിയുടെ കീഴിൽ ‘രക്തദാനം മഹാദാനം’ എന്ന സന്ദേശവുമായാണ് വിദ്യാർത്ഥികൾ രക്തദാന ക്യാമ്പിൽ പങ്കാളികളായത്.

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ബ്ളഡ് ബാങ്കിൽ എത്തിയാണ് കേഡറ്റുകൾ രക്തം നൽകിയത്.രണ്ട് ദിനങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ആദ്യദിനം പട്ടാമ്പി ഗവ.സംസ്കൃത കോളേജ്, മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജ്, ഷൊർണൂർ ഐ.പി.ടി.ആൻ്റ് ജി.പി.ടി എന്നിവിടങ്ങളിൽ നിന്നുള്ള അമ്പതോളം പേർ രക്തദാനം ചെയ്തു.

മെഡിക്കൽ ഓഫീസർ ഡോ.ബിജു, കൗൺസിലർ മുഈനുദ്ദീൻ, ബ്ളഡ് ബാങ്ക് ടെക്നിക്കൽ ഇൻചാർജ് അശ്വതി, അസോസിയേറ്റഡ് എൻ സി സി ഓഫീസർമാരായ ക്യാപ്റ്റൻ ഷറഫുദ്ദീൻ മുഹമ്മദ്, ക്യാപ്റ്റൻ ഡോ.പി.അബ്ദു, ലഫ്റ്റനൻ്റ് പി.സൈതലവി എന്നിവർ രക്തദാന പരിപാടിക്ക് നേതൃത്വം നൽകി. രണ്ടാം ദിനമായ ബുധനാഴ്ച മറ്റു വിദ്യാലയങ്ങളിലെ കാഡറ്റുകളും രക്തദാനം ചെയ്യും.