തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും.
ബിനീഷിന്റെ തിരുവനന്തപുരത്തെ മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷന് ഐജിക്ക് ഇ.ഡി. കത്തു നല്കി.
ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇ.ഡി. രജിസ്ട്രേഷന് ഐജിക്ക് കത്തു നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ നിര്‍ദേശം നല്‍കിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് നടപടി. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ആസ്തിവകകളും ഇ.ഡി. തേടുന്നുണ്ട്.
അതേസമയം, ബെംഗളൂരു ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് ബ്യൂറോ കസ്റ്റഡിയിലെടുത്തിരുന്നു. ബിനീഷിനെ വിശദമായി ചോദ്യം ചെയ്യാനാണ് എന്‍സിബിയുടെ തീരുമാനം.