കൊല്ലം : കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏഷ്യയിലെ ഏറ്റവും വലിയ ആർമി ക്യാമ്പായ ബത്തിൻഡയിലേക്ക് പോകും വഴിയിൽ കാണാതെ പോയ ആർമിയിലെ നായിക്കിനെ അതിസാഹസികമായി തെരഞ്ഞു പിടിച്ചു റെയിൽവേയിലെ കേരള പോലീസ്. കൊല്ലം റെയിൽവേ സ്റ്റേഷനിലെ കേരള പോലീസ് എസ്.എച്ച്.ഒ. എസ് ഐ ഉമറുൽ ഫറൂഖ്, ഇന്റലിജൻസ് ഉദ്യോഗസ്ഥൻ കൂടിയായ സിവിൽ പോലീസ് ഓഫീസർ രാജു എന്നിവരാണ് നാലായിരത്തിനടുത്ത് കിലോമീറ്റർ യാത്ര ചെയ്തു ഇദ്ദേഹത്തെ പിടികൂടി ആർമിക്ക് കൈമാറിയത്.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ഉദ്യോഗസ്ഥനെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല.മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേയിലെ കേരള പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു . കാണാതായ ഉദ്യോഗസ്ഥന്റെ ആർമി അക്കൗണ്ടിൽ നിന്ന് ഹരിയാനയിലെയും പഞ്ചാബിലെയും എ. ടി. എമ്മുകളിൽ നിന്ന് പണം പിൻവലിച്ചത് മനസിലാക്കിയ പോലീസ് അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
കർഷക സമരം നടക്കുന്നതിനാൽ ഹരിയാനയിൽ നിന്ന് പഞ്ചാബിലെത്താൻ പോലീസ് ഉദ്യോഗസ്ഥർ വളരെയധികം ബുദ്ധിമുട്ടി. അഞ്ചോളം ഓർഡിനറി ബസുകളിൽ മാറിക്കയറി മുന്നൂറ്റിയൻപത് കിലോമീറ്ററോളം യാത്ര ചെയ്താണ് അവർ പഞ്ചാബിലെത്തിയത്.
നാല്പത്തിയഞ്ചോളം ലോഡ്ജുകളിലെ രജിസ്റ്റർ പരിശോധനക്ക് വിധേയമാക്കി. നിരവധി ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. അതിലൂടെ ആർമി ഉദ്യോഗസ്ഥൻ ജ്യൂസ് കുടിക്കാൻ വരുന്ന കട മനസിലാക്കിയ എസ് ഐ ഉമറുൽ ഫാറൂഖ്,സിവിൽ പോലീസ് ഓഫീസർ രാജു എന്നിവർ ഒരു കാറിനുള്ളിൽ ഒളിച്ചിരുന്ന് കാണാതെ പോയ ആർമി ഉദ്യോഗസ്ഥനെ അതി സാഹസികമായി പിടികൂടി .
പോലീസുമായി സഹരിക്കാതെ എതിർത്തുനിന്ന ആർമി ഉദ്യോഗസ്ഥനെ പഞ്ചാബ് പോലീസിന്റെ കൂടി സഹായത്തോടെ ബലം പ്രയോഗിച്ചു വാഹനത്തിൽ കയറ്റി ആർമി ക്യാമ്പിൽ എത്തിക്കുകയായിരുന്നു. ലെഫ്റ്റനന്റ് കേണൽ ജിതേന്ദ്ര മലയാളിയായ കരുനാഗപ്പള്ളി സ്വദേശി മേജർ നിതിൻ എന്നിവർ കേരള പോലീസിന്റെ കൃത്യ നിർവ്വഹണത്തെ പ്രശംസിക്കുകയും സൈനികനെ തിരിച്ച് ക്യാമ്പിലെത്തിച്ചതിൽ അഭിനന്ദനം അറിയിക്കുകയും ചെയ്തു.