എറണാകുളം: സംസ്ഥാനത്ത് വീണ്ടും ഹണി ട്രാപ് തട്ടിപ്പ്. ചേരാനെല്ലൂരില്‍ യുവതിയടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനിയും എറണാകുളം സ്വദേശിയുമാണ് അറസ്റ്റിലായത്. നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ഒന്നരമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ ഹണിട്രാപ്പ് കേസാണ്.
കൊല്ലം മയ്യനാട് സ്വദേശിനിയും, എറണാകുളം കുന്നുംപുറം സ്വദേശിയായ യുവാവും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. കേസിലെ പ്രതിയായ യുവാവിന്റെ സുഹൃത്താണ് തട്ടിപ്പിന് ഇരയായത്. 19 വയസുകാരനായ യുവാവിനെ ഹോട്ടലില്‍ വിളിച്ചുവരുത്തി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് പണവും സ്വര്‍ണവും അപഹരിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.