തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി;ഡിസംബർ 16ന് വോട്ടെണ്ണൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തീയതികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. കോവിഡ് 19 കണക്കിലെടുത്ത് മൂന്നുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഡിസംബര്‍ എട്ട്, 10, 14 തീയതികളില്‍ തെരഞ്ഞെടുപ്പ് നടക്കും. 16-നാണ് വോട്ടെണ്ണല്‍.
ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 10ന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പോളിംഗ് നടക്കും. രാവിലെ എഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചാകും തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 12ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുമെന്നും കമ്മീഷന് അറിയിച്ചു.
ഡിസംബര്‍ 25ന് മുന്‍പായി പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കണം. നവംബര്‍ 19 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. നവംബര്‍ 23 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും ക്രമസമാധാനം ഉറപ്പാക്കാന്‍ പോലീസ് തയാറാണെന്ന് ഡിജിപി ഉറപ്പ് നല്‍കിയെന്നും കമ്മീഷന് അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ വിവിധ രാഷ്ട്രിയ പാര്‍ട്ടികളുമായി കമ്മീഷന് ചര്‍ച്ച നടത്തിയിരുന്നു.
തെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 2.72 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 1.29 കോടി പുരുഷന്മാരും 1.41 സ്ത്രീകളുമാണുള്ളത്. 282 ട്രാന്‍സ്ജെന്‍ഡേഴ്സും വോട്ടര്‍ പട്ടികയിലുണ്ട്.
പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒക്ടോബര്‍ 27 മുതല്‍ നാല് ദിവസം കൂടി അവസരം നല്‍കിയിരുന്നു. ഇവരെക്കൂടി ഉള്‍പ്പെടുത്തി നവംബര്‍ 10ന് പുതുക്കിയ വോട്ടര്‍ പട്ടി പ്രഖ്യാപിക്കുമെന്നും കമ്മീഷന് അറിയിച്ചു.
കോവിഡ് പോസിറ്റിവായവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാധിക്കും. പോളിംഗ് സ്റ്റേഷനുകളില്‍ ബ്രേക്ക് ദ ചെയിന്‍ പോളിസി നടപ്പിലാക്കും.
941 ഗ്രാമപഞ്ചായത്തുകള്‍, 151 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുന്‍സിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഒന്നാം ഘട്ടം – ഡിസംബർ 8
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
ഇടുക്കി
രണ്ടാം ഘട്ടം – ഡിസംബർ 10
കോട്ടയം
എറണാകുളം
തൃശൂർ
പാലക്കാട്
വയനാട്
മൂന്നാം ഘട്ടം – ഡിസംബർ 14
മലപ്പുറം
കോഴിക്കോട്
കണ്ണൂർ
കാസർഗോഡ്
വോട്ടെണ്ണൽ – ഡിസംബർ 16

There are no comments at the moment, do you want to add one?
Write a comment