ചെന്നൈ: അഴിമതി നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വധശിക്ഷ നല്‍കണമെന്നു മദ്രാസ് ഹൈക്കോടതി. നെല്ല് സംഭരണത്തിനിടെ കര്ഷകനില് നിന്നു കൈക്കൂലി ചോദിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് അഴിമതി അവസാനിക്കണമെങ്കില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്ന് കോടതി അഭിപ്രായപ്പെട്ടത്.
സംസ്ഥാനത്ത് നെല്ല് സംഭരണത്തിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യവുമായാണ് ചെന്നൈ സ്വദേശിയായ സൂര്യപ്രകാശ് ഹര്‍ജി നല്‍കിയത്. ഒരു ചാക്ക് നെല്ല് സംഭരിക്കുന്നതിന് നാല്പത് രൂപ എന്ന നിരക്കില്‍ കര്‍ഷകരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ കൈകൂലി വാങ്ങുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. തമിഴ്നാട്ടില്‍ അഴിമതി അര്‍ബുദം പോലെ വ്യാപിക്കുകയാണെന്നും ഇതു തടയാന്‍ കര്‍ശന നടപടി വേണമെന്നു ജസ്റ്റിസ് കൃപാകരന്‍, ജസ്റ്റിസ് പുകഴേന്തി എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.
നെല്ല് സംഭരണത്തിലെ ക്രമക്കേടിന്റെ പേരില്‍ 105 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാനത്തു കൃഷി അനാഥമായെന്നും ആരും ഗൗനിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ട കോടതി ഹര്‍ജി വാദം കേള്‍ക്കുന്നതിനായി മാറ്റി.
