പത്തനംതിട്ട : 2020 – 2021 വര്‍ഷത്തെ ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിന് 2020 നവംബര്‍ 16ന് തുടക്കമാകും. നവംബര്‍ 15ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല പൂജ മഹോത്സവം. തിര്‍ത്ഥാടന കാലത്ത് ശബരിമലയിലേക്കുള്ള ഭക്തരുടെ പ്രവേശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ആയിരിക്കും.
ആഴ്ചയിലെ ആദ്യ അഞ്ചു ദിവസങ്ങളില്‍ ദിവസവും 1000 വിതം അയ്യപ്പ ഭക്തര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 ഭക്തര്‍ക്കും പ്രവേശനം അനുവദിക്കും മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളില്‍ 5000 വീതം ഭക്തര്‍ക്ക് ശബരിമലയിലേക്ക് പ്രവേശനം ലഭിക്കും. കോവിഡ് – 19 സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും അയ്യപ്പഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിന് സൗകര്യം. ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ നിര്‍ബന്ധമായും കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ കൊണ്ടുവരണം. 24 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ്-19 പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഭക്തര്‍ കയ്യില്‍ കരുതേണ്ടത്. കോവിഡ് – 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വര്‍ച്വല്‍ ക്യു ബുക്ക് ചെയ്യാതയും വരുന്ന ഭക്തരെ ഒരു കാരണവശാലും ശബരിമല സന്നിധാനത്തേക്ക് കടത്തിവിടില്ല.
നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും ശബരിമലയിലേക്ക് കടന്നുവരുന്ന ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും കോവിഡ് പരിശോധന സൗകര്യം ഒരുക്കിയിട്ടുണ്ട്. ചെറിയ വാഹനങ്ങള്‍ പമ്പ വരെ കടത്തിവിടും. നിലക്കലിലെത്തി പാര്‍ക്ക് ചെയ്യണം.സ്വാമി അയ്യപ്പന് റോഡിലൂടെ മരക്കൂട്ടത്തെത്തി, ചന്ദ്രാനന്ദന്‍ റോഡ് വഴിയാണ് ഭക്തര്‍ സന്നിധാനത്ത് എത്തേണ്ടത്. പതിനെട്ടാം പടി മുകളില്‍ ഫ്ലൈ ഓവര്‍ ഒഴിവാക്കി കൊടിമരത്തിന് വലതുവശത്തു കൂടി ശ്രീകോവിലിന് മുന്നില്‍ എത്തണം.
നെയ്യഭിഷേകത്തിന് പ്രത്യേക കൗണ്ടര്‍ സൗകര്യം ഉണ്ടായിരിക്കും. മറ്റൊരു കൗണ്ടറിലൂടെ ആടിയ ശിഷ്ടം നെയ്യ് വിതരണം ചെയ്യും. തന്ത്രിയെയും മേല്‍ശാന്തിയെയും കാണാന്‍ ഭക്തരെ അനുവദിക്കില്ല. വിരി വെക്കാനും താമസസൗകര്യവും അനുവദിക്കില്ല. ശബരിമലയില്‍ മണ്ഡല മകരവിളക്ക് കാലത്ത് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം നല്‍കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം ചീഫ് സെക്രട്ടറി തലസമിതി തള്ളിയിരുന്നു. സ്ഥിതി വിലയിരുത്തിയ ശേഷം കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം നല്‍കുന്നത് പരിഗണിക്കും.
ഭക്തര്‍ ശ്രദ്ധിക്കേണ്ടത്
മണ്ഡലകാലത്ത് ദര്‍ശനം വെര്‍ച്ച്വല്‍ ക്യൂ മുഖേനയാണ്. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നവംബര്‍ ആദ്യവാരം മുതല്‍ ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ 1000 പേര്‍ക്ക് ആയിരിക്കും ദര്‍ശനം. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കും ദര്‍ശനം ഉണ്ടായിരിക്കും. മണ്ഡലപൂജയ്ക്ക്, മകരവിളക്കിന് 5,000 പേര്‍ക്ക് അനുമതിയുണ്ടാകും. 24 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. നിലക്കലിലും പമ്പയിലും കോവിഡ് പരിശോധന സൗകര്യം ഉണ്ടായിരിക്കും. പമ്പ സ്നാനത്തിന് അനുമതി ഇല്ല. പ്രത്യേക ഷവറുകള്‍ ക്രമീകരിക്കും. തന്ത്രിയെയും മേല്‍ ശാന്തിയെയും സന്ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അനുമതിയില്ല. ചെറിയ വാഹനങ്ങള്‍ക്ക് പമ്പ വരെ പോകാം.
