ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ ഹിന്ദുക്ഷേത്രം നിര്‍മ്മിക്കാന്‍ ഇസ്ലാം പുരോഹിത സംഘടനയുടെ അനുമതി. പാക് സര്‍ക്കാറിന് മതകാര്യങ്ങളില്‍ ഉപദേശം നല്കുന്ന സമിതിയാണ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കുന്നതിന് അനുമതി നല്‍കിയത്. ഇസ്ലാമിക നിയമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആരാധന നടത്താനുള്ള കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്നുണ്ടെന്നും പുരോഹിതരുടെ സംഘടന ചൂണ്ടിക്കാട്ടി.
ക്ഷേത്രം നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍ പാക്കിസ്ഥാൻ പാര്‍ലമെന്റ് അംഗവും പ്രമുഖ ഹിന്ദുനേതാവുമായ ലാല്മാല്ഹി സന്തോഷം പ്രകടിപ്പിച്ചു. അതേസമയം, സ്വകാര്യ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് സര്‍ക്കാറിന്റെ ഫണ്ട് നേരിട്ട് നല്‍കരുതെന്നും ഇസ്ലാം പുരോഹിതരുടെ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.
നിലവില്‍ ഹിന്ദുക്കള്‍ക്കായി ഇസ്ലാമബാദില്‍ ക്ഷേത്രങ്ങളൊന്നുമില്ല. 10 ലക്ഷത്തോളം ജനസംഖ്യയുള്ള ഇസ്ലാമബാദില്‍ 3,000ത്തോളം പേര് ഹിന്ദു മതവിഭാഗത്തില്‍ പെട്ടതാണ്. ഇസ്ലാമബാദിലെ ഹിന്ദുക്കള്‍ക്ക് മരിച്ച് പോയവര്‍ക്കായി കര്‍മ്മങ്ങള്‍ നടത്താന്‍ ഒരു ക്ഷേത്രമില്ല. അതിന് ഭരണഘടനാപരമായി അവര്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട് ഹിന്ദുക്കള്‍ക്ക് അനുയോജ്യമായ സ്ഥലത്ത് ക്ഷേത്ര നിര്‍മാണം നടത്താമെന്ന് പാകിസ്താനിലെ ഇസ്ലാം പുരോഹിതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. നേരത്തെ ഇസ്ലാമബാദില്‍ ഹിന്ദുക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചുവെങ്കിലും പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു.