റിയാദ് : ഡ്രൈവര്‍ ജോലിക്കായി സൗദിയിലെത്തിയ യുവാവ് ലൈസന്‍സ് ലഭിക്കുന്നതിന് മുൻപ് വാഹനമോടിക്കാന്‍ നിര്‍ബന്ധിതനായി നിയമകുരുക്കില്‍പ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് താന്നമൂട് സ്വദേശി സതീന്ദ്രനാണ്(33) നിയമ നടപടി നേരിടുന്നത്. സ്പോണ്സര് കൈയൊഴിഞ്ഞ സതീന്ദ്രന് പ്രവാസി സംഘടനകളുടെ സഹായത്തോടെയാണ് കേസ് നേരിടുന്നത്.
ആറു മാസം മുൻപാണ് ഡ്രൈവര്‍ വിസയില്‍ സതീന്ദ്രന് സൗദിയിലെത്തിയത്. ജോലിക്കായി എത്തിയ ദിവസം തന്നെ സ്പോണ്‍സറായ വനിത സതീന്ദ്രനെ വാഹനമോടിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ലൈസന്‍സില്ലാതെ വാഹനമോടിക്കില്ലെന്ന് പറഞ്ഞെങ്കിലും സ്പോണ്സര് അത് ചെവിക്കൊണ്ടില്ല. ഒടുവില്‍ എന്തു പ്രശ്നമുണ്ടായാലും നോക്കിക്കൊള്ളാമെന്ന് സ്പോണ്സര് പറഞ്ഞതോടെ സതീന്ദ്രന് വാഹനമോടിക്കുകയായിരുന്നു. –
ഇഖാമ ലഭിച്ചാല്‍ ഉടന്‍ ലൈസന്‍സ് കിട്ടുമെന്ന് സ്പോണ്സര് പറഞ്ഞു വിശ്വസിപ്പിച്ചു. ഇതുപ്രകാരം അഞ്ചു മാസത്തിലേറെയായി സതീന്ദ്രന് വാഹനോടിച്ചു. അതിനിടിയാണ് കഴിഞ്ഞ മാസം സതീന്ദ്രന് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ മറ്റൊരു വാഹനം സതീന്ദ്രന്റെ കാറിന് പിന്‍ഭാഗത്ത് ഇടിച്ചു. ഇതേത്തുടര്‍ന്ന് ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിലാണ് സതീന്ദ്രന് ലൈസന്‍സ് ഇല്ലെന്ന കാര്യം കണ്ടെത്തിയത്. ഇതോടെ പൊലീസ് സതീന്ദ്രനെതിരെ കേസെടുത്തു.
തന്റെ അനുമതിയില്ലാതെയാണ് സതീന്ദ്രന് കാര്‍ ഓടിച്ചതെന്ന് സ്പോണ്സര് പറഞ്ഞതോടെയുകൂടി പൂര്‍ണ ഉത്തരവാദിത്വം സതീന്ദ്രന് മേല്‍ കെട്ടിവെക്കുകയായിരുന്നു. കോടതി സതീന്ദ്രനെതിരെ നഷ്ടപരിഹാരം ചുമത്തുകയും ചെയ്തു. ഈ കേസ് ഒഴിവാക്കാനാണ് സതീന്ദ്രന് കോടതി കയറിയിറങ്ങുന്നത്. സതീന്ദ്രന്റെ സഹായത്തിനായി മലയാളി പ്രവാസി സംഘടനാ പ്രവര്‍ത്തകരും രംഗത്തുണ്ട്.
