കൊല്ലം : കരുനാഗപ്പള്ളിയില്‍ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് സബ് ഇന്‍സ്പെക്ടറെ വിജിലന്‍സ് പിടികൂടി. ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അബ്ദുല്‍ സലീമാണ് പിടിയിലായത്. അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച സ്ത്രീധന പീഡനക്കേസില്‍ പ്രതിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് പ്രതിയോട് 25,000 രൂപ ചോദിച്ചത്. ഈ പണം വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ് ചെയ്തത്.
അബ്ദുല്‍ സലീം 5 വര്‍ഷം മുന്‍പ് ചവറ പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ടിച്ചപ്പോള്‍ വര്‍ക്കല സ്വദേശി ഫൈസല്‍ പ്രതിയായ സ്ത്രീധന പീഡനക്കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയിരുന്നു. കൊല്ലം കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസില്‍ മൊഴി നല്കാന് കഴിഞ്ഞയാഴ്ച സലീമിനു കോടതിയില്‍ നിന്നു സമന്‍സ് വന്നു. തുടര്‍ന്നു സലീം ഫൈസലിനെ ഫോണില്‍ ബന്ധപ്പെട്ട് അനുകൂല മൊഴി നല്‍കാനായി 25,000 രൂപ കൈകൂലി ആവശ്യപ്പെടുകയായിരുന്നു.
