ഹോങ്കോംഗ് സിറ്റി : ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ എയര്‍ലൈന്‍ കമ്പനി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാനയാത്രയില്‍ ഇടിവുണ്ടായതിനാല്‍ ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാതേ പസഫിക് കമ്പനിയാണ് നടപടിക്ക് തയ്യാറെടുക്കുന്നത്. 8,500 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നും പ്രാദേശിക എയര്‍ലൈനുകള്‍ അടച്ചുപൂട്ടുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
കമ്പനിയുടെ 24 ശതമാനം തൊഴിലാളികളെയാകും വെട്ടിക്കുറയ്ക്കുക. പ്രാദേശിക എയര്‍ലൈന്‍ യൂണിറ്റായ കാതേ ഡ്രാഗണ്‍ ബുധനാഴ്ച മുതല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു. ആഗോള മഹാമാരി വ്യോമയാന മേഖലയില്‍ വിനാശകരമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിനെ അതിജീവിക്കാന്‍ ചില തീരുമാനങ്ങള്‍ ആവശ്യമാണെന്നും കമ്പനി സിഇഒ അഗസ്റ്റസ് ടാംഗ് വ്യക്തമാക്കി.