പാലക്കാട് / തൃത്താല : കാർഷികമേഖലയ്ക്ക് പ്രതീക്ഷയായി പരുതൂർ പഞ്ചായത്തിലെ വള്ളിക്കാട് തോടും നാനാർത്തിക്കുളവും നവീകരിക്കാനുള്ള പദ്ധതിയായി. 3.64 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. വള്ളിക്കാട് തോട് 294.8 ലക്ഷം രൂപ ചെലവിൽ പാർശ്വഭിത്തികൾ കെട്ടിയും ആഴം കൂട്ടിയും രണ്ടുസ്ഥലത്ത് തടയണ കെട്ടിയും പുനരുദ്ധരിക്കും. ഇതോടൊപ്പം പരുതൂർ ചെമ്പുലങ്ങാട് നാനാർത്തിക്കുളം 70 ലക്ഷം രൂപ ചെലവിൽ നവീകരിക്കാനും പദ്ധതിയുണ്ട്.
പാർശ്വഭിത്തികൾ കെട്ടിയും ആഴംകൂട്ടിയും നന്നാക്കുകയും ചെയ്യും. നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രെക്ച്ചർ ഡെവലപ്മെന്റ് ഫണ്ടിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന്റെയെല്ലാം കരാറായതായി അധികൃതർ പറഞ്ഞു. ഏറെക്കാലമായി പരുതൂർ പഞ്ചായത്തും പാടശേഖരസമിതികളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ഏറെ പ്രയോജനകരമായ പദ്ധതി നാനൂറോളം ഏക്കറിൽ ജലസംരക്ഷണവും നിർഗമനവും ഉറപ്പാക്കുന്ന പദ്ധതികളാണിവ. പാലത്തറ ഗേറ്റിന് മുകളിൽനിന്നുവരുന്ന വള്ളിക്കാട് തോട് കരിയന്നൂരിൽ കൈതക്കടവ് ഭാഗത്തുവെച്ചാണ് തൂതപ്പുഴയിൽ ചേരുന്നത്. വഴിയിൽ കണ്ണാട്, ചെറുകുടങ്ങാട്, കരിയന്നൂർ, കാരമ്പത്തൂർ, പള്ളിപ്പുറം (കെ.കെ.പി.) പാടശേഖരങ്ങളാണ്. ഇവിടെയെല്ലാംകൂടി 345 ഏക്കർ നെൽക്കൃഷി ഇപ്പോൾത്തന്നെയുണ്ട്. 250 കർഷകരും. കരിയന്നൂർ നേന്ത്രവാഴക്കൃഷിയുടെ ഈറ്റില്ലമാണ്. നാനാർത്തിക്കുളം പുനരുദ്ധരിക്കുകവഴി 40 ഹെക്ടർ നെൽക്കൃഷിക്കാണ് ഗുണംചെയ്യുക.
വള്ളിക്കാട് തോടിന്റെ ആഴം കൂട്ടി ആവശ്യമായ ഇരുപാർശ്വങ്ങളിലുംകൂടി 3,200 മീറ്ററോളം ഭിത്തികെട്ടി സംരക്ഷിക്കും. അടിത്തറയുൾപ്പെടെ വേണ്ടിടത്ത് മൂന്നുമീറ്റർവരെ പാർശ്വഭിത്തിക്ക് ഉയരമുണ്ടാവും. വെള്ളം സംഭരിക്കാനായി കർഷകർക്ക് ഉപകാരപ്പെടുന്ന രണ്ടുസ്ഥലങ്ങളിൽ വെർട്ടിക്കൽ ക്രോസ്ബാർ പണിയുകയും ചെയ്യും. 53 മീറ്ററോളം നീളവും 52 മീറ്റർ വീതിയുമുള്ള നാനാർത്തിക്കുളം ബെൽറ്റ് വാർത്തും പാർശ്വഭിത്തികൾ കെട്ടിയും ഏറെ ആഴത്തിൽ വെള്ളം സംഭരിച്ച് ജലസംരക്ഷണമുറപ്പാക്കാനാണ് പദ്ധതി. പദ്ധതികളുടെ ഉദ്ഘാടനം 22-ന് നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ശാന്തകുമാരി പറഞ്ഞു.
