ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് വൈകിട്ട് ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് പ്രതിസന്ധിയുടെ കരിനിഴലില്‍ രാജ്യം മാസങ്ങളായി കടന്നു പോകുമ്പോൾ ഏഴു തവണയാണ് ജനത്തിന് ആശ്വാസവും ഊര്‍ജ്ജവും പകര്‍ന്നുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. എന്നാല്‍ അതില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ തവണ ഒഴിച്ച് മറ്റെല്ലാ പ്രാവശ്യവും ദിവസങ്ങള്‍ക്ക് മുന്‍പ് മുന്‍കൂട്ടി അറിയിച്ച ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. എന്നാല്‍ ഏഴാം തവണ വീണ്ടും അപ്രതീക്ഷിതമായി മണിക്കൂറുകള്‍ക്ക് മുന്‍പായി മാത്രമാണ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന വിവരം അദ്ദേഹത്തിന്റെ ഓഫീസ് പുറത്ത് വിട്ടിരിക്കുന്നത്. പ്രതീക്ഷ വാക്സിനില്‍ വീണ്ടുമൊരു ലോക്ക്ഡൗണ്‍ മുതല്‍ അനവധി പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി നടത്തും എന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും, വാക്സിന് സംബന്ധമായ പ്രഖ്യാപനമാവും പ്രധാനമന്ത്രിയില്‍ നിന്നും ഇന്ന് ഉണ്ടാവുക എന്ന പ്രതീക്ഷയിലാണ് രാജ്യം. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തില്‍ കൊവിഡ് വാക്സിന് രാജ്യമാകമാനമുള്ള ജനങ്ങള്‍ക്കിടയില്‍ വിതരണം നടത്താനുള്ള നിര്‍ദേശങ്ങളെ കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞിരുന്നു. ഇത് രണ്ടാം തവണയാണ് വാക്സിന് വിതരണം സംബന്ധിച്ചുള്ള ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തത്. പെട്ടെന്നുള്ള ഈ ഒരുക്കങ്ങള്‍ വാക്സിന് വിതരണം ചെയ്യാന്‍ രാജ്യം ഒരുങ്ങിയോ എന്ന സംശയം ജനിപ്പിച്ചിരുന്നു.
ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേര്‍ന്ന് വികസിപ്പിച്ചെടുക്കുന്ന ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിനായ ‘കോവാക്സിന്’ നിലവില്‍ അതിന്റെ രണ്ടാംഘട്ട പരീക്ഷണങ്ങളുടെ അവസാനത്തിലാണ്. അധികം വൈകാതെ മൂന്നാം ഘട്ട പരീക്ഷണത്തലേക്ക് ഭാരത് ബയോടെക് കടക്കുകയും ചെയ്യും. ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ തിരിച്ചടികളൊന്നും ഉണ്ടായിട്ടില്ല എന്നതും പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.
ഈ അനുകൂല സാഹചര്യം കണക്കിലെടുത്താണോ പ്രധാനമന്ത്രി വാക്സിന് വിതരണത്തിനായി തയ്യാറെടുക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. നിലവില്‍ മൂന്നു വാക്സിനുകള്‍ ഇന്ത്യയില്‍ പരീക്ഷണ ഘട്ടത്തിലിരിപ്പുണ്ടെന്നും മറ്റ് രാജ്യങ്ങള്‍ക്ക് ഗവേഷണ സഹായങ്ങള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നല്‍കുന്നുണ്ടെന്നും ബംഗ്ലാദേശ്, ഭൂട്ടാന്, മ്യാന്മാര്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ‘കോവാക്സി’ന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്താനുള്ള അനുമതി ചോദിച്ചിട്ടുണ്ടെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഈ സംശയത്തിന് ആക്കം കൂട്ടുന്നതാണ്.
ലോകം ഏറ്റവും കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്ന കൊവിഡ് വാക്സിനായ ആസ്ട്രസെനേക്കയുടെ ‘ഓക്സ്ഫോര്‍ഡ് വാക്സിന്റെ’ രണ്ടാംഘട്ട, മൂന്നാഘട്ട പരീക്ഷണങ്ങള്‍ നിലവില്‍ പൂനയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷണം പൂര്‍ത്തിയായാല്‍ 60 മുതല്‍ 70 വരെ ദശലക്ഷം കൊവിഡ് വാക്സിനുകള്‍ ഡിസംബറോടെ ഇവിടെ നിന്നും ഉത്പാദിപ്പിക്കാനാകും. സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ലെന്നിരിക്കിലും മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം, ഉടനേയുള്ള വാക്സിന് വിതരണത്തിനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പുകളെ സൂചിപ്പിക്കുന്നു എന്നത് അങ്ങനെ തള്ളിക്കളയാനാകില്ല.
കോവിഡ് വാക്സിന് വിതരണത്തിനായി ഡിജിറ്റല്‍ ആരോഗ്യ ഐഡി ഉപയോഗിക്കുമെന്ന സൂചനയും കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കവേ പ്രധാനമന്ത്രി നല്‍കിയിരുന്നു.