മണ്ണാർക്കാട്: നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു. മണ്ണാർക്കാട് നായാടിക്കുന്ന് ചെറിയോടത്ത് ഹനീഫയുടെ ഭാര്യ സഫിയ (48), കാറോടിച്ചിരുന്ന അബ്ദുൾ ജലീൽ, ഭാര്യ മൈമൂന (28), മക്കളായ അബ്ദുൾ ഹാഫ്ത്ത് (7), ഇഷാൻ അഹമ്മദ് (5), അൽഫാദിൻ (ആറുമാസം) എന്നിവർക്കാണ് പരിക്കേറ്റത്.
കാരാകുറിശ്ശി കോരമൺകടവിന് സമീപം വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. കോയമ്പത്തൂർ കരിമ്പുകടയിൽനിന്ന് കോങ്ങാട്-ടിപ്പുസുൽത്താൻ റോഡുവഴി മണ്ണാർക്കാട്ടേക്ക് വരികയായിരുന്ന കുടുംബാംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ബുധനാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് ഇവർ കോയമ്പത്തൂരിൽനിന്ന് യാത്ര പുറപ്പെട്ടത്. പരിക്കേറ്റവരെ വട്ടമ്പലം സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
