സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ കോവിഡ് സുരക്ഷകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്കാന് തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് കര്‍ശന ഉപാധികളോടെ പ്രവേശനം അനുവദിച്ചുള്ള ഉത്തരവ് ഇറക്കി. ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും അനുമതിയുണ്ട്. എന്നാല്‍, ബീച്ച് ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരത്തിന് അനുമതി നവംബര്‍ 1 മുതല്‍ മാത്രമേ തുടങ്ങൂ.
കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ്-19 ഭീഷണിക്കിടെയും രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ടൂറിസം മേഖല നേരത്തെ തുറന്നുകൊടുത്തിരുന്നു. എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട ജനസാന്ദ്രതയേറിയ സംസ്ഥാനമെന്ന നിലയില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്കുന്ന രീതിയാണ് കേരളത്തില്‍ അവലംബിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പുലര്‍ത്തേണ്ട കോവിഡ് മുന്‍കരുതലുകളും, നിയന്ത്രണങ്ങളും ഉത്തരവില്‍ പരാമര്‍ശിക്കുന്നു. സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും, കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും, ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും സ്വീകരിക്കണം