കൊട്ടിയം : കൊട്ടിയം സ്വദേശിനിയായ റംസി എന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസ്ഹറുദ്ദീനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ ഹാരിസിന്റെ മാതാവിനും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഹാരിസിന്റെ സഹോദരനാണ് അസ്ഹറുദ്ദീന്. ഇയാളുടെ ഭാര്യയാണ് ലക്ഷ്മി.

ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ക്രൈംബ്രാഞ്ചിന് വേണ്ടി പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ലക്ഷ്മി പ്രമോദിന് എതിരായ ജനരോക്ഷം കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുത് എന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. എന്നാല്‍ ജനരോക്ഷം കണക്കിലെടുത്ത് ജാമ്യം നല്കാതിരിക്കാന് സാധിക്കില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു.
ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി, ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയെയും പ്രതി ചേര്‍ക്കപ്പെട്ട മറ്റുള്ളവരെയും ദുര്‍ബല വകുപ്പുകള്‍ ചുമത്തി രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ആദ്യം സിഐമാരുടെ നേതൃത്വത്തിലുള്ള സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പത്തനംതിട്ട എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിരുന്നു.
റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതി ഉണ്ടായിരുന്നു. ലക്ഷ്മിയെയും ഭര്‍ത്താവിനെയും ആദ്യം കേസ് അന്വേഷിച്ച സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇവരുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.
തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് കൊല്ലം സെഷന്‍സ് കോടതിയെ സമീപിച്ചത്. ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്ബത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് റംസിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി തൂങ്ങിമരിച്ചെന്നുമാണ് പരാതി.