കണ്ണൂര്‍ : പതിനാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം തടവ് ശിക്ഷ. തലശേരി പോക്സോ കോടതിയുടെതാണ് വിധി.
2015 മുതല്‍ കുട്ടിയെ അച്ഛന് പീഡിപ്പിച്ചെന്നായിരുന്നു കേസ്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തലശേരി പ്രത്യേക പോക്സോ കോടതി ജഡ്ജ് സിജി ഘോഷ് ആണ് പ്രതിയെ ജീവപര്യന്തം തടവിന് വിധിച്ചത്. അറസ്റ്റിലായ അച്ഛന് വിചാരണ കാലയളവില്‍ ജാമ്യം കിട്ടിയിരുന്നില്ല.
2018 ഡിസംബറിലാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പറശിനിക്കടവിലെ ഒരു ലോഡ്ജില്‍ വച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചിലര്‍ പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയപ്പോഴാണ് 19 പേര് തന്നെ പല സ്ഥലത്ത് വച്ച് പീഡിപ്പിച്ചെന്ന വിവരം പുറത്തറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന് പരിധിയിലായി 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പാപ്പിനിശേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോഴത്തെ വിധി വന്നത്.