പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘സുശക്തം ഈ ചുവടുവെയ്പ്പുകള്’ എന്ന പേരില്‍ വികസന രേഖയും ഡോക്യുമെന്ററിയും ഭരണസമിതി യോഗത്തില്‍ കെ.വി വിജയദാസ് എം.എല്‍.എ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയ മുതല്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്താവതരണമാണ് ‘സുശക്തം ഈ ചുവടുവെയ്പ്പുകള്’. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. അതുല്‍ ജനാര്‍ദ്ദനാണ് ഡോക്യുമെന്ററി സംവിധായകന്. ജോജു ജാസാണ് നിര്‍മാണ ഏകോപനം.
കാര്‍ഷികം, വിദ്യാഭ്യാസം, വൈദ്യുതി ഉത്പാദനം തുടങ്ങിയ സകല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പാലക്കാട് ജില്ലാ പഞ്ചായത്ത് സമൂഹത്തിന്റെ അവശത പരിഹരിക്കാന്‍ മുന്കൈയെടുക്കുന്നവരില് മുമ്പിലാണെന്ന് കെ.വി വിജയദാസ് എം.എല്‍.എ പറഞ്ഞു. കൂടാതെ, സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചതിന്റെ മികച്ച ഉദാഹരണമാണ് നായാടി കോളനിയെ ദത്തെടുത്ത് ഹൈടെക്കാക്കി ഉയര്‍ത്തിയതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് ബിന്ദു സുരേഷ്, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.കെ സുധാകരന്, വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് കെ.ബിനുമോള്‍, സെക്രട്ടറി പി.അനില്‍കുമാര്‍, മറ്റ് ഭരണസമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.

