കൊട്ടാരക്കര: കുണ്ടറയിൽ പ്രവർത്തിക്കുന്ന കേരള സിറാമിക്സ് തകർച്ചയിൽ നിന്നും ഉയിർത്തെഴുന്നേറ്റു, പുതിയ പ്ളാന്റുകൾ സജ്ജമായി, നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബ്ലഞ്ചർ, റിഫൈനിംഗ്, ഫിൽട്ടർ പ്രസ് പ്ലാന്റുകളാണ് നവീകരിച്ചത്. നവീകരണം പൂർത്തിയാക്കിയതോടെ സ്ഥാപനം 1500 ടൺ ഉത്പാദനശേഷി കൈവരിച്ചു. ഖനനാവശ്യത്തിനായി ലാൻഡ് പർച്ചേസ് പദ്ധതിയിൽ ഉൾപ്പെട്ട ഭൂമി സിറാമിക്സ് വാങ്ങിയിട്ടുണ്ട്. ഉത്പാദന ഇന്ധനം എൽ.എൻ.ജി ആക്കാനുള്ള പ്ലാന്റിന്റെ നിർമ്മാണം പൂർത്തീകരിച്ച് അനുമതിക്കായി സമർപ്പിച്ചിരിക്കുയാണ്. എൽ.എൻ.ജി പ്ലാന്റിന്റെ നിർമ്മാണം പുർത്തിയാകുംവരെ ഇന്ധനച്ചെലവ് കുറയ്ക്കാൻ എൽ.പി.ജി ഇന്ധനമായി ഉപയോഗിക്കുന്ന താത്കാലിക പ്ലാന്റ് 2017 ഡിസംബറിൽ കമ്മിഷൻ ചെയ്തിരുന്നു. ഇതിലൂടെ ഒരു ടണ്ണിന്റെ നിർമ്മാണത്തിനുള്ള ഇന്ധനച്ചെലവ് 6000 രൂപയിൽ നിന്ന് 3000 രൂപയായി കുറയ്ക്കാനായി.
ഊർജ സംരക്ഷണത്തിനും ഇന്ധന ഊർജ ചെലവുകൾ കുറയ്ക്കാനുമായി ഓട്ടോമാറ്റിക് പവർ ഫാക്ടർ കൺട്രോൾ (എ.പി.എഫ്.സി) പാനൽ സ്ഥാപിച്ചിട്ടുണ്ട്. 40 വർഷമായി ഇൻസുലേഷൻ ജോലികൾ നടക്കാതിരുന്ന സ്പ്രേ ഡ്രയർ പ്ലാന്റിന്റെയും ഹോട്ട് എയർ ഡക്ടിന്റെയും എയർ ഹീറ്ററിന്റേയും ഇൻസുലേഷൻ റിഫ്രാക്ടറി ജോലികൾ പൂർത്തിയായി. പുതിയ പ്ളാന്റുകൾ പ്രവർത്തിച്ചുതുടങ്ങുന്നതോടെ സിറാമിക്സ് വലിയ വളർച്ചയിലേക്ക് എത്തും. ടണ്ണിന് 25000 രൂപയിലേറെ വില ലഭിക്കുന്ന കാൽസൈൻഡ് കയോളിൻ നിർമ്മാണം, വരുന്ന 30 വർഷത്തേക്ക് ക്ലേ ലഭ്യത ഉറപ്പുവരുത്തുന്ന രണ്ടാംഘട്ട ഖനന ഭൂമി വാങ്ങൽ തുടങ്ങിയ പദ്ധതിയും തയ്യാറാക്കിവരികയാണ്. കുണ്ടറ സിറാമിക്സ് അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നാണ് കരകയറിയത്. വൈദ്യുതി ബോർഡിനുതന്നെ വലിയ തുക കൊടുക്കാനുണ്ടായിരുന്നു. പി.സതീഷ് കുമാർ എം.ഡിയായി ചുമതലയേറ്റതോടെയാണ് സിറാമിക്സിന് ഉയിർത്തെഴുന്നേൽപ്പിന് വഴിയൊരുങ്ങിയത്. സർക്കാർ നൽകിയ 19 കോടി രൂപയുടെ സഹായത്തോടെ ആദ്യ കടമ്പ കരകയറി. 20 വർഷം ചൈനാ ക്ളേ ഖനനം ചെയ്യാനുള്ള ഭൂമി സ്വന്തമായുണ്ട്. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന സ്ഥാപനം ഇപ്പോൾ അഞ്ച് കോടി രൂപയോളം ലാഭത്തിലേക്ക് എത്തുകയാണ്. പുതിയ പ്ളാന്റുകളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നാളെ വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ.പി.ജയരാജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ, എം.പിമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
