തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4531 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3730 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ ഉറവിടം അറിയാത്ത 351 പേരുണ്ട്. 71 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 45730 സാമ്പിളുകളാണ് പരിശോധിച്ചത്. 2737 പേര് രോഗമുക്തി നേടി.
തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് രോഗബാധയുടെ തീവ്രത തുടരുന്നത്. ഇന്ന് 820 പേര്‍ക്കാണ് തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 721 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു ജില്ലകളില്‍ 300ന് മുകളില്‍ ആണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍കോട് 319 എന്നിങ്ങനെയാണ്.