കൊട്ടാരക്കര : ഒരു പൗരന്റെ ജീവന് നിലനിര്‍ത്താനും ചികിത്സ ലഭ്യമാക്കാനും സമരം ചെയ്യേണ്ടി വരുന്നത് ഭരണഘടനയുടെ അന്തസ്സിന് കളങ്കമാണെന്നും ജനാധിപത്യ രാജ്യത്ത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും മഅ്ദനിയുടെ കാര്യത്തില്‍ ഭരണകൂടങ്ങള്‍ കണ്ണടച്ച് ഇരുട്ടാക്കരുതെന്നും പി.ഡി.പി.സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര പറഞ്ഞു. പി.ഡി.പി.ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിക്ക് ശാരീരിക അസ്വസ്ഥതകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് വിദഗ്ദ പരിശോധനക്കായി ബാംഗ്ളൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. വൃക്കയുമായി ബന്ധപ്പെട്ട രോഗാവസ്ഥ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തിരമായി രണ്ട് സര്‍ജറി ഉള്‍പ്പെടെ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. മഅ്ദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പി.ഡി.പി. നേതാക്കള്‍ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയെങ്കിലും നാളിതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. വിചാരണയുടെ പേരില്‍ ഒരു പൗരന് രണ്ട് പതിറ്റാണ്ടിലധികം തടവില്‍ കഴിയേണ്ടി വരുന്നത് രാജ്യത്തെ നിയമസംവിധാനത്തിന് തന്നെ മാനക്കേടാണ് .
”മഅ്ദനിയുടെ നീതിക്ക് വേണ്ടി ജീവന്റെ വിലയുള്ള പോരാട്ടം” എന്ന മുദ്രാവാക്യത്തില്‍ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ പി.ഡി.പി.സംഘടിപ്പിച്ച സമരജ്വാലയുടെ ഭാഗമായി കൊട്ടാരക്കര മുൻ സിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹയാത്തുൽ ഈമാൻ നഗറിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്ലിക്കുന്നത്ത് നടന്ന സമര ജ്വാല മണ്ഡലം പ്രസിഡൻറ് സുധീർ വല്ലം ഉൽഘാടനം ചെയ്തു പാർട്ടിയുടേയും, പോഷക സംഘടനകളുടേയും നേതാക്കളായ സുധീർ കുന്നുമ്പുറം, ഷിജു ,ഷാനവാസ് പള്ളിക്കൽ, ഭവാനി നെല്ലിക്കുന്നം, അൽഅമീൻ ബഖവി, ഷാനി എം എച്ച്, രാജമ്മ, റീനാ സാബു, ജാസ്ന കരീം, ഷീജാ സുധീർ, റെജീനാ സുധീർ തുടങ്ങിയവർ നേതൃത്വം നൽകി
