കൂറ്റനാട് : പറയിപെറ്റ പന്തിരുകുലത്തിന്റെ പെരുമ നിറഞ്ഞു നിൽക്കുന്ന തൃത്താലയുടെ മുഴുവൻ പൈതൃകവും ചരിത്രവും സമഗ്രമായി രേഖപ്പെടുത്താൻ തൃത്താലയിൽ ന്യൂസിയം ഒരുങ്ങുന്നു. തൃത്താല ബ്ലോക്കിലെ ഐതിഹ്യങ്ങളും ചരിത്രവും വർത്തമാനങ്ങളും സമാഹരിച്ച് പഠന ഗവേഷണ കേന്ദ്രമാക്കി ആരംഭിക്കുന്ന ന്യൂസിയത്തിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. അടുത്ത ഘട്ടമായി ന്യൂസിയത്തിൻ്റെ തുടർ പ്രവർത്തനങ്ങൾ നടത്തും. ഡിജിറ്റൽ ലൈബ്രറിയും സോഫ്റ്റ് വെയറും അനുബന്ധ സംവിധാനങ്ങളും ഒരുക്കുന്നതിനാവശ്യമായ പ്രോജക്ടുകളും തയ്യാറായിട്ടുണ്ട് .
ന്യൂസിയം കെട്ടിടത്തിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് കെ പി എം പുഷ്പജ നിർവ്വഹിച്ചു.
ബ്ലോക്കിലെ സ്ത്രീ സൗഹൃദ മുറിയുടെയും, നവീകരിച്ച ഓഡിറ്റോറിയത്തിൻ്റയും ഉദ്ഘാടനവും നടന്നു. വൈസ് പ്രസിഡൻറ് എം കെ പ്രദീപ് അധ്യക്ഷനായി .സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ ജനാർദ്ദനൻ, എം വി ബിന്ദു, ധന്യാസുരേന്ദ്രൻ, മെമ്പർമാരായ കെമനോഹരൻ, സി കെ ഉണ്ണികൃഷ്ണൻ, വി പി ഫാത്തിമ, കെപി ഉഷ, എ ഒ കോമളം, ടി കെ സുനിത ,പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ്റ് വി സുജാത, ആനക്കരപഞ്ചായത്ത് പ്രസിഡൻറ് സിന്ധു രവീന്ദ്രകുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ മുഹമ്മദാലി എന്നിവർ സംസാരിച്ചു .സംസ്ഥാനത്താദ്യമായി നടപ്പാക്കുന്ന ന്യൂസിയം എന്ന ആശയം ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. തൃത്താലയുടെ പൈതൃകവും പാരമ്പര്യവും വരും തലമുറക്ക് പ0ന വിധേയമാക്കുന്നതിനും അവ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ ഇൻഫർമേഷൻ സെൻ്റർ എന്ന മാതൃകാപദ്ധതി വഴി തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ലക്ഷ്യം വെക്കുന്നത്.
