മലബാറിൻ്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടിയ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കങ്ങൾക്കെതിരെ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കുടുംബ സമരത്തന് ജില്ലയിൽ വൻ പ്രതികരണം. ‘കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല’ ശീർഷകമെഴുതിയ പ്ലക്കാർഡുകളും സമരക്കൊടികളുമായി വീട്ടുമുറ്റങ്ങൾ സമരവേദികളായി മാറി. എസ് വൈ എസ് സ്റ്റേറ്റ്, ജില്ലാ, സോൺ ലീഡേഴ്സാണ് ഒന്നാം ഘട്ടത്തിൽ കുംടുംബ സമരത്തിൽ പങ്കാളികളായത്.
തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ഗ്രാമങ്ങളിലും ആയിരക്കണക്കിന് കുടുംബങ്ങൾ സമരത്തിൽ കണ്ണികളാകും. 2015 ൽ റൺവേ വികസനത്തിൻ്റെ പേരിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതി നിഷേധിക്കുകയും ഹജ്ജ് എമ്പാർക്കേഷൻ പോയിൻ്റ് എടുത്തുകളയുകയും ചെയ്ത ഘട്ടത്തിൽ എസ് വൈ എസ് ഉൾപ്പെടെ നടത്തിയ ശക്തമായ പ്രക്ഷോഭ പരിപാടികളെ തുടർന്നാണ് വർഷങ്ങൾക്കു ശേഷം അവയെല്ലാം പുന:സ്ഥാപിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 7നുണ്ടായ വിമാനാപകടത്തിൻ്റെ മറവിൽ വീണ്ടും വിമാനത്താവളത്തി നെതിരെയുള്ള നീക്കങ്ങൾ ശക്തമായിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവാസികളെ നേരിട്ടും മലബാറിലെ തൊഴിൽ സംരഭമേഖലകളെ പരോക്ഷമായും ബാധിക്കുന്ന ആശങ്കാജനകമായ ഗൂഢശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് എസ് വൈ എസ് സമരവുമായി രംഗത്തുവന്നിട്ടുള്ളത്. തുടർസമരങ്ങളുടെ ഭാഗമായി
ഈ വരുന്ന സെപ്റ്റംബർ 18 ന് ജില്ലയിലെ 60 പ്രധാന കേന്ദ്രങ്ങളിൽ
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സർക്കിൾ നേതാക്കളുടെ നിൽപ്പുസമരം നടക്കും. ജില്ലയിലെ 12 സോൺ കേന്ദ്രങ്ങളിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് വെബിനാറും സമര സംഗമവും ആസൂത്രണം ചെയ്തിട്ടുണ്ട്. ജില്ലാ തലത്തിൽ വിപുലമായ ഓൺലൈൻ സമര സമ്മേളനവും നടക്കും. യുവാക്കളെ അണിനിരത്തി പൊതുജന പങ്കാളിത്തത്തോടെ കൂടുതൽ സമര പരിപാടികൾക്കുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി ജില്ലാ പ്രസിഡന്റ് സുലൈമാൻ മുസ്ലിയാർ ചുണ്ടമ്പറ്റ, ജില്ല ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

