കൊട്ടാരക്കര : നിർമ്മാണം പൂർത്തീകരിച്ച കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ രണ്ട് ബഹുനില കെട്ടിടങ്ങൾ 9ന് രാവിലെ 11ന് വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് പി.ഐഷാപോറ്റി എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു.

മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി തോമസ് ഐസക്, കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ഐഷാപോറ്റി എം.എൽ.എ, മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള, നഗരസഭ ചെയർപേഴ്സൺ ബി.ശ്യാമളയമ്മ, വൈസ് ചെയർമാൻ ഡി.രാമകൃഷ്ണപിള്ള, പി.ആർ.വി ഗ്രൂപ്പ് ചെയർമാൻ ജി.തങ്കപ്പൻ പിള്ള, നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. അവശേഷിക്കുന്ന നിർമ്മാണ ജോലികൾ അടിയന്തിരമായി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അഞ്ച് കോടി രൂപയുടെ കെട്ടിടം പൂർത്തിയായപ്പോൾ 60 ലക്ഷം രൂപ മിച്ചം വന്നിട്ടുള്ളത് മൂന്ന് ക്ലാസ് മുറി നിർമ്മിക്കുന്നതിനായി ഉപയോഗിക്കും. പുതിയ പ്രവേശന കവാടവും റോഡും ടോയ്ലറ്റ് സംവിധാനങ്ങളുമടക്കം മറ്റെല്ലാ പ്രവർത്തനങ്ങളും ഈ അദ്ധ്യയന വർഷം പൂർത്തിയാകും മുൻപായി പൂർത്തീകരിക്കാനാകുെന്നും സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് ബി.സനൽകുമാർ, നഗരസഭ ചെയർപേഴ്സൺ ബി.ശ്യാമള അമ്മ, പ്രിൻസിപ്പൽ ആർ.പ്രദീപ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബെൻസി ആന്റണി, ഹെഡ്മിസ്ട്രസ് എസ്.സുഷമ, എസ്.ആർ.രമേശ്, സതീഷ് ചന്ദ്രൻ, പി.കെ.വിജയകുമാർ എന്നിവരും പങ്കെടുത്തു