കൊട്ടാരക്കര : വിവാഹത്തിൽ നിന്ന് വരനും വീട്ടുകാരും പിന്മാറിയതിൽ മനംനൊന്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം വനിതാ കമ്മീഷൻ കേസെടുത്തു. ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ കൊട്ടിയം കൊട്ടുമ്പുറം പള്ളിയ്ക്കടുത്ത് ചിറവിള പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന റഹിം – നദീറ ദമ്പതികളുടെ മകൾ റംസി (25) നെയാണ് കഴിഞ്ഞ മൂന്നാം തീയതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. .കൊട്ടിയം കൊട്ടുമ്പുറത്തെ പെൺകുട്ടിയുടെ വീട് സന്ദർശിച്ച വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ഈ സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ വനിതാ കമ്മീഷൻ അംഗം ഇന്ന് രാവിലെ റംസിയുടെ വീട്ടിലെത്തി മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആവർത്തിക്കാതിരിക്കുന്നതിനും പ്രതിയ്ക്ക് ശിക്ഷ ലഭിക്കുന്നതിനും വേണ്ടി കമ്മീഷന്റെ ഭാഗത്തു നിന്നും എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. പെൺകുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുവാൻ കൊട്ടിയം സി.ഐ.യ്ക്ക് നിർദേശം നൽകുകയും അന്വേഷണത്തിൽ പോലീസിന് ലഭിക്കുന്ന വിവരങ്ങൾ കമ്മീഷന് റിപ്പോർട്ട് ചെയ്യുവാനും നിർദേശം നൽകിയിട്ടുണ്ടെന്നും വനിതാ കമ്മീഷൻ പറഞ്ഞു