കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി പത്തനംതിട്ട പൊലീസ് സ്റ്റേഷന്. തൃശൂര്‍ സിറ്റിയിലെ മണ്ണുത്തി പൊലീസ് സ്റ്റേഷനൊപ്പമാണ് പത്തനംതിട്ട ഒന്നാം സ്ഥാനം പങ്കിട്ടത്. സായുധ ബറ്റാലിയന് എ.ഡി.ജി.പി യുടെ നേതൃത്വത്തില്‍ രൂപീകരിച്ച സെലക്ഷന് കമ്മിറ്റി നിബന്ധനകള്‍ എല്ലാം പാലിച്ചുവെന്നുറപ്പാക്കിയ നാല് പൊലീസ് സ്റ്റേഷനുകള്‍ തിരഞ്ഞെടുക്കുകയായിരുന്നു.
കേസുകള്‍ തീര്‍പ്പാക്കല്‍, അന്വേഷണ മികവ്, പൊതുജനങ്ങളുമായി മികച്ച ബന്ധം, ജനമൈത്രി പൊലീസിന്റെ മികച്ച പ്രവര്‍ത്തനം, അടിസ്ഥാനം സൗകര്യം തുടങ്ങിയ കാര്യങ്ങളില്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷന് മികവ് പുലര്‍ത്തി. കഴിഞ്ഞ ആഗസ്റ്റില്‍ ഡി.ജി.പി ലോക്നാഥ് ബഹ്റ പത്തനംതിട്ടയിലെത്തിയപ്പോള്‍ പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തന മികവ് നേരിട്ട് വിലയിരുത്തി അഭിനന്ദിച്ചിരുന്നു.
കോട്ടയം പാമ്പാടിടി പൊലീസ് സ്റ്റേഷന് രണ്ടാം സ്ഥാനവും തമ്പാനൂര്‍ പൊലീസ് സ്റ്റേഷന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്തനംതിട്ട പൊലീസ് സ്റ്റേഷന് പ്രവര്‍ത്തനം മികച്ചതാക്കിയ എല്ലാ പൊലീസുദ്യോഗസ്ഥര്‍ക്കും ജില്ലാ പൊലീസ് മേധാവി ആശംസകള്‍ അര്‍പ്പിച്ചു.
