തിരുവനന്തപുരം : തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പ്രതി തൂങ്ങി മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കസ്റ്റഡി രേഖപ്പെടുത്തിയില്ലെന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. അതേ സമയം അൻസാരിയുടെ ആത്മഹത്യയിൽ ദുരൂഹതയില്ലെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് തിരുവനന്തപുരം കിഴക്കേകോട്ടയിൽ മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് കരിമഠം കോളനിയിലെ അൻസാരിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുന്നത്. ഫോർട്ട് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോവിഡ് സാഹചര്യത്തിൽ സമീപത്തെ ശിശു സൗഹൃദ കേന്ദ്രത്തിലെക്ക് മാറ്റുകയുമായിരുന്നു. ഇതിന് ശേഷം കുളിമുറിയിൽ കയറി പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇത് തന്നെയാണ് അൻസാരി ആത്മാഹത്യ ചെയ്യുമ്പോൾ മറ്റൊരു പരാതിയുമായി ബന്ധപ്പെട് സ്റ്റേഷനിൽ എത്തിയ സുഹൃത്തുക്കളും പറയുന്നത്.
