പരിപാടികള്‍ പൂര്‍ണമായും കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് നടത്തും
പാലക്കാട് : 73-മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാവിലെ ഒമ്പതിന് പാലക്കാട് കോട്ടമൈതാനത്ത് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കും. പൂർണമായും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒത്തുച്ചേരൽ ഒഴിവാക്കിയാണ് ദിനാചരണം നടത്തുക. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഡി.ബാലമുരളിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു.

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കോവിഡ് രോഗപ്രതിരോധത്തിന് നേതൃത്വം നൽകുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ (രണ്ട് പേർ), സ്റ്റാഫ് നഴ്സ് (രണ്ട് പേർ), മറ്റ് ആരോഗ്യ പ്രവർത്തകർ (രണ്ട് പേർ), ശുചീകരണ തൊഴിലാളികൾ (രണ്ടു പേർ) എന്നിവരെ ആദരിക്കും. കൂടാതെ, ജില്ലയിൽ കോവിഡ് രോഗ വിമുക്തരായ മൂന്നുപേരെയും പരിപാടിയിൽ പങ്കെടുപ്പിക്കും. ശാരീരിക അകലം, മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗം തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ പൂർണമായും പാലിക്കും. കൂടാതെ, തെർമൽ സ്കാനർ പരിശോധനയും ഉറപ്പാക്കും.
പൊതുജനങ്ങൾക്ക് പ്രവേശനമില്ല
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം പൂർണമായും ഒഴിവാക്കിയാണ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തുകയെന്ന് ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചു. അതിനാൽ പൊതുജനങ്ങളെയും കുട്ടികളെയും പരിപാടിയിൽ പങ്കെടുപ്പിക്കില്ല. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെ ചുരുക്കം പേർക്ക് മാത്രമാണ് കോട്ടമൈതാനത്തിലേക്ക് പ്രവേശനം.
എ.ആർ ക്യാമ്പ്, കെ.എ.പി 2 ബറ്റാലിയൻ, ലോക്കൽ പൊലീസ് (വനിതാ, പുരുഷ വിഭാഗം), ബാൻഡ് എന്നിവരെ ഉൾപ്പെടുത്തി മാർച്ച് പാസ്റ്റ് ഇല്ലാതെ പരേഡ് മാത്രമാണ് അന്നേദിസം നടത്തുന്നത്. എ.ആർ ക്യാംപ് കമാൻഡർക്കാണ് പരേഡ് ചുമതല.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യൻ, അസിസ്റ്റന്റ് കലക്ടർ ഡി. ധർമലശ്രീ, എ.ഡി.എം ആർ.പി സുരേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.