തിരുവനന്തപുരം: ഇക്കുറി തിരുവോണം ആഗസ്റ്റ് 31ന് ആയതിനാല്‍ ശമ്ബളവും ബോണസും അഡ്വാന്‍സും അതിനുമുമ്ബ് നല്‍കുന്നതിനുള്ള ഉത്തരവ് ഒരാഴ്ചയ്ക്കുളില്‍ പുറത്തിറങ്ങിയേക്കും. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും 70 ലക്ഷത്തോളം പേര്‍ക്ക് ക്ഷേമനിധിപെന്ഷനും ഇതോടൊപ്പം വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് കഴിഞ്ഞവര്‍ഷത്തേതുപോലെ 4000 രൂപയും ഉത്സവബത്ത 2750 രൂപയും അഡ്വാന്‍സ് 15,000 രൂപയും ആയിരിക്കുമെന്നാണ് സൂചന.
ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമനിധി പെന്ഷന് കൂടി ഓണത്തിനുമുമ്ബ് വിതരണം ചെയ്യും. നിലവില്‍ മേയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. 70 ലക്ഷത്തോളം പേര്‍ക്ക് കുറഞ്ഞത് 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത് കൈകളിലെത്തും. പെന്ഷന് മസ്റ്ററിംഗ് 15 മുതല്‍ തല്‍ക്കാലത്തേക്ക് നിറുത്തിവയ്ക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശം നല്കി.
ഓണക്കാല ആനുകൂല്യം ഇത്തവണയും തുടരും. ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും മുമ്ബ് ലഭിച്ചിരുന്നു. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും 1000 രൂപ വീതം നല്‍കാറുണ്ട്. ഇവയെല്ലാം ഈ കൊവിഡ്കാല പ്രതിസന്ധിയിലും ഉറപ്പാക്കാനാണ് ശ്രമമെന്നും ധനമന്ത്രി പറഞ്ഞു.