രാജ്യത്തെ 73-മത് സ്വാതന്ത്ര്യ ദിനം ജില്ലയില്‍ പൂർണ്ണമായും കോവിഡ് മാനദണ്ഡം പാലിച്ച് ആചരിക്കുമെന്ന് എ.ഡി.എം ആർ പി സുരേഷ് അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രോഗപ്രതിരോധത്തിന് നേതൃത്വം നൽകുന്ന ആരോഗ്യവകുപ്പിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെയും, മറ്റ് ആരോഗ്യ, ശുചീകരണ തൊഴിലാളികളെയും സ്വാതന്ത്രദിന ആഘോഷത്തിൽ ആദരിക്കും. കൂടാതെ, ജില്ലയിൽ കോവിഡ് രോഗ വിമുക്തരായവരെയും (ഒന്നോ രണ്ടോ പേർ മാത്രം) പങ്കെടുപ്പിക്കും. സ്വതന്ത്രദിനാഘോഷം സമുചിതമായി നടപ്പിലാക്കുന്നതിനായി ചേര്‍ന്ന സ്റ്റാന്‍ഡിങ് സെലിബ്രേഷന് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ശാരീരിക അകലം, മാസ്ക് ധരിക്കൽ, സാനിട്ടൈസർ ഉപയോഗം തുടങ്ങിയവ സ്വാതന്ത്രദിന ആഘോഷ വേളയിൽ പൂർണമായും പാലിക്കണമെന്ന് എ.ഡി.എം യോഗത്തിൽ നിർദേശം നൽകി.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം പൂർണമായും ഒഴിവാക്കും. കുട്ടികളെയും മുതിർന്നവരെയും പരിപാടിയിൽ പങ്കെടുപ്പിക്കില്ല.
പരേഡിനു മുമ്പ് കോട്ടമൈതാനത്തുള്ള രക്തസാക്ഷിമണ്ഡപത്തിൽ എല്ലാ വർഷത്തെ പോലെ പുഷ്പാർച്ചന നടത്താനും യോഗത്തിൽ തീരുമാനിച്ചു .
സ്വാതന്ത്ര ദിനാചരണവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്കി.
പോലീസിനെ മാത്രം ഉൾപ്പെടുത്തി മാർച്ച് പാസ്റ്റ് ഇല്ലാതെ പരേഡ് നടത്തുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. സാഹചര്യങ്ങൾ വിലയിരുത്തി എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവരെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. എ.ആര് ക്യാംപ് കമാന്‍ഡറാണ് പരേഡിന്റെ ചുമതല വഹിക്കുക.
ഓഗസ്റ്റ് 11, 12, 13 തിയ്യതികളില്‍ കോട്ടമൈതാനത്ത് പരേഡ് പരിശീലനം നടക്കും. പരേഡിലും റിഹേഴ്സലിലും പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണം ഉറപ്പുവരുത്തും. ശാരീരിക അകലം ഉറപ്പു വരുത്തുന്ന രീതിയിലാണ് ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.