ന്യൂഡല്‍ഹി : മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ശിക്ഷയനുഭവിച്ച് ജയില്‍ കഴിയുന്ന പ്രതി നളിനി ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. വെല്ലൂര്‍ വനിതാ ജയിലിലാണ് നളിനി ശിക്ഷ അനുഭവിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ 29 വര്‍ഷങ്ങളായി ഇവര്‍ ശിക്ഷയനുഭവിച്ചു വരികയാണ്. നളിനിയും ജീവപര്യന്തം ശിക്ഷയ്ക്ക വിധിക്കപ്പെട്ട ഒരു പ്രതിയും തമ്മില്‍ വഴക്കുണ്ടായി. ഇക്കാര്യം തടവുകാരി ജയില്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനു പിന്നാലെ നളിനി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
മൂന്നു പതിറ്റാണ്ടോളം ജയിലില്‍ കഴിയുന്ന നളിനി ഇതാദ്യമായാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നത്. നളിനിയുടെ ഭര്‍ത്താവ് മുരുകനും രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ജയിലില്‍ നിന്നും മുരുകന് വിളിച്ചുവെന്നും നളിനിയെ വെല്ലൂര്‍ ജയിലില്‍ നിന്നും പുഴല്‍ ജയിലിലേക്കു മാറ്റണമെന്ന് അഭ്യര്‍ഥിച്ചിരുന്നുവെന്നും ഇവരുടെ അഭിഭാഷക അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നടന്നു വരികയാണ്.
1991 മെയ് 21 ന് എല്‍ടിടിഇ ചാവേര്‍ ബോംബാക്രമണത്തിലൂടെ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ നളിനിയും ഭര്‍ത്താവും ഉള്‍പ്പെടെ ഏഴു പേരെ പ്രത്യേക ടാഡ കോടതി ശിക്ഷിച്ചു. ഇവരെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി മാറ്റി.