കുളപ്പുള്ളി : അപകടം കുറയ്ക്കാൻ കുളപ്പുള്ളിയിൽ പുതിയ ഡിവൈഡറുകൾ സ്ഥാപിക്കുന്നു. അശാസ്ത്രീയമായ ഡിവൈഡറുകൾ ജംഗ്ഷനിൽ അപകടമുണ്ടാക്കിയിരുന്ന സാഹചര്യത്തിലാണ് പുതിയ ഡിവൈഡറുകൾ സ്ഥാപിക്കുന്നത്. മുമ്പ് ഉയരംകുറഞ്ഞ ഡിവൈഡറുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇത് രാത്രികാലങ്ങളിൽ അപകടമുണ്ടാകുന്നതിന് കാരണമായിരുന്നു. പൊതുജനങ്ങളിൽനിന്ന് രേഖാമൂലം പരാതികൾ വന്നതോടെയാണ് പൊതുമരാമത്ത് വിഭാഗം ഉയരംകൂട്ടി പുതിയ ഡിവൈഡർ സ്ഥാപിക്കാൻ തീരുമാനിച്ചത്.
റോഡ് സുരക്ഷാഫണ്ട് അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. പാലക്കാട്-കുളപ്പുള്ളി പാത അവസാനിക്കുന്ന കവലയാണിത്. ഇവിടെനിന്ന് ഷൊർണൂരിലേക്കും പട്ടാമ്പിയിലേക്കും പാലക്കാട്ടേക്കും തിരിയുന്ന മൂന്ന് വഴികളാണുള്ളത്.
വേഗത്തിൽ വാഹനങ്ങൾ തിരിക്കുന്നതും അപകടത്തിന് കാരണമാകാറുണ്ട്. ഡിവൈഡറുകൾക്ക് മുകളിൽ റിഫ്ളക്ടർ ലൈറ്റുള്ള കോൺക്രീറ്റ് കുറ്റികളും സ്ഥാപിക്കുന്നുണ്ട്. ഡിവൈഡറിനുപുറമേ കാൽനടയാത്രക്കാർക്കുള്ള സീബ്രാലൈൻ വരയ്ക്കുമെന്നും പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.