ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ മുറിച്ചിറ വീട്ടില്‍ ശില്പ രവിചന്ദ്രന്‍ ഹയര്‍ സെക്കന്ററിയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി താരമായി. ജന്മനാ ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത ഈ മിടുക്കി തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് പ്രതിസന്ധികളെ മറികടന്നത്. ഹയര്‍ സെക്കന്ററിയില്‍ കൊമേഴ്സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിഭാഗത്തിലാണ് ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്ററി സ്കൂളില്‍ ശില്പ പഠിച്ചത്. സംസ്ഥാനത്ത് തന്നെ അപൂര്‍വ്വമായാണ് കാഴ്ചാപരിമിതിയുള്ള കുട്ടികള്‍ ഈ വിഭാഗം തെരെഞ്ഞെടുക്കുന്നത്. അതില്‍തന്നെ ആദ്യമായാണ് കാഴ്ചയില്ലാത്ത ഒരു വിദ്യാര്‍ത്ഥി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുന്നത്.
രക്ഷിതാക്കളും, സഹപാഠികളും അധ്യാപകരും എല്ലാവിധ പ്രോല്‍സാഹനങ്ങളും നല്‍കിയതിന്റെ ഫലമാണ് ഈ വിജയമെന്ന് ശില്പ പറഞ്ഞു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ലാപ്ടോപ്പ് അടക്കമുള്ള സഹായങ്ങള്‍ നല്കി കൂടെ നിന്നു. കോട്ടപ്പുറം ഹെലന് കെല്ലര്‍ സ്മാരക അന്ധവിദ്യാലയത്തിലാണ് ഏഴാം ക്ലാസുവരെ ഈ മിടുക്കി പഠിച്ചത്. ശ്രീകൃഷ്ണപുരം സ്കൂളില്‍ സെക്കന്ററി വിഭാഗം പൂര്‍ത്തിയാക്കിയ ശീല്പ എസ്.എസ്.എല്‍ സി യ്ക്ക് ഒന്‍പപത് എ പ്ലസ് നേടിയിരുന്നു. ശ്രീകൃഷ്ണപുരം മുറിച്ചിറയില് കൂലിതൊഴിലാളിയായ രവിചന്ദ്രന്റെയും വസന്തകുമാരിയുടെയും മകളാണ്. സഹോദരന് ഐ.ടി.ഐ വിദ്യാര്‍ത്ഥി ശശികുമാര്‍.