പ്രകൃതിചൂഷണം;ഏഴ് മാസത്തിനുള്ളിൽ പിടികൂടിയത് 78 വാഹനങ്ങൾ. 28 ക്വാറികൾക്കെതിരേ നടപടി ; ചൂഷണം കൂടുതലും പട്ടാമ്പിയിൽ.
ഒറ്റപ്പാലം/പട്ടാമ്പി: നിയമങ്ങളും നിയന്ത്രണങ്ങളും കർശനമാക്കുമ്പോഴും പ്രകൃതിചൂഷണത്തിന് ഒട്ടും കുറവില്ല. ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി ഭാഗങ്ങളിലാണ് മണ്ണും മണൽക്കടത്തും ക്വാറിഖനനവും കൂടുന്നത്. പ്രകൃതിചൂഷണത്തിന് ഒറ്റപ്പാലം സബ് കളക്ടർ അർജ്ജുൻ പാണ്ഡ്യന്റെ പ്രത്യേക സ്ക്വാഡ് കഴിഞ്ഞ ഏഴുമാസത്തിനിടെ 78 വാഹനങ്ങളാണ് പിടികൂടിയത്. 28 ക്വാറികൾക്കെതിരെയും കേസെടുത്തു. 73 ലോഡ് മണലാണ് പാലക്കാട്ടെ നിർമിതി കേന്ദ്രത്തിന് കൈമാറിയത്.
ചൂഷണം കൂടുതലും പട്ടാമ്പിയിൽ:-
പട്ടാമ്പിയിലാണ് പ്രകൃതിചൂഷണത്തിന് കൂടുതൽ നടപടിയുണ്ടായത്. 46 വാഹനങ്ങളാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. 11 അനധികൃത ക്വാറികൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ഒറ്റപ്പാലത്ത് 22 വാഹനങ്ങൾ പിടികൂടുകയും അനധികൃതമായി പ്രവർത്തിക്കുന്ന 12 ക്വാറികൾക്കെതിരെ കേസെടുക്കുകയും ചെയ്തു. മണ്ണാർക്കാട് 10 വണ്ടികൾ പിടിക്കുകയും അഞ്ച് ക്വാറികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.
കൂടുതൽ ക്വാറി ഖനനം
ക്വാറിയിൽ ഖനനം നടത്തി മണ്ണും കല്ലും കടത്തിയതിനാണ് കഴിഞ്ഞ ആറുമാസത്തിനിടെ കൂടുതൽ വാഹനങ്ങൾ പിടികൂടിയത്. ആകെ പിടികൂടിയ 78 വാഹനങ്ങളിൽ 72 വാഹനങ്ങളും പിടിച്ചെടുത്തത് അനധികൃതമായി ഖനനം ചെയ്ത് കടത്തുന്നതിനായിരുന്നു.
മണൽക്കടത്തിന് അഞ്ച് വാഹനങ്ങളും അനധികൃതമായി വയൽ നികത്തിയതിന് ഒരു വാഹനവും പിടികൂടി. മണ്ണ്, കല്ല് കടത്ത് കേസുകൾക്ക് 10000 രൂപ മുതൽ 50000 രൂപവരെയാണ് പിഴയീടാക്കുന്നത്. മണൽ കടത്തിയ വാഹനങ്ങൾ സർക്കാരിലേക്ക് കണ്ടുകെട്ടും.
ഊർജസ്വലമായി പരിശോധനാസംഘം
ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ ഇരുപതംഗസംഘമാണ് സബ് കളക്ടറുടെ പ്രത്യേക സ്ക്വാഡിലുള്ളത്. മൂന്ന് താലൂക്കുകളിലെയും വില്ലേജ് ഓഫീസർമാരും സംഘത്തിലുണ്ട്.
കഴിഞ്ഞ വർഷം നിർജ്ജീവമായിരുന്ന സംഘം പുതിയ സബ് കളക്ടർ വന്നതോടെയാണ് വീണ്ടും പ്രവർത്തനക്ഷമമായത്.
വനിതാ സ്ക്വാഡ് തത്കാലം നിർത്തി
പ്രകൃതിചൂഷണം തടയാൻ താലൂക്കുകളിൽ പ്രത്യേക വനിത സ്ക്വാഡും പ്രവർത്തിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ വനിത സ്ക്വാഡ് തത്കാലത്തേക്ക് നിർത്തിയ നിലയിലാണ്. ഒഴിവുദിവസങ്ങളിലും പകൽസമയങ്ങളിലുമാണ് വനിതാ സ്ക്വാഡ് പ്രവർത്തിച്ചിരുന്നത്.