തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ പരിശോധനകളോടെ എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ആരംഭിച്ചു. മൊത്തം 343 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത് .രാവിലെ 10.30 നാണ് പരീക്ഷ ആരംഭിച്ചത്. ഉച്ചയ്ക്ക് 12.30 വരെയും പിന്നീട് 2.30 മുതല്‍ വൈകിട്ട് 5 വരെയുമാണ് പരീക്ഷ. അധ്യാപകരടക്കം 20,000 പേരെയാണ് പരീക്ഷാ നടത്തിപ്പിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
രാവിലെ 9.30 ന് തന്നെ കുട്ടികള്‍ മാസ്ക് ധരിച്ച് പരീക്ഷാ ഹാളിലെത്തി. ഹാള്‍ട്ടിക്കറ്റ് പരിശോധിച്ച ശേഷം തെര്‍മല്‍ സ്കാനിംഗ് നടത്തിയാണ് കുട്ടികളെ പരീക്ഷാ ഹാളിലേക്ക് പറഞ്ഞുവിട്ടത്. സാമൂഹ്യ അകലം പാലിച്ചാണ് ഹാളില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഇതിനുപുറമേ , അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ക്വാറന്റൈനില്‍ നിന്ന് വരുന്നവര്‍ക്കും പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക മുറി ഒരുക്കി. പരീക്ഷ എഴുതുന്നവര്‍ക്കായി കെ.എസ്.ആര്.ടി.സി എല്ലാ ഡിപ്പോയില്‍ നിന്നും പ്രത്യേക സര്‍വീസ് നടത്തി. ആഗസ്റ്റ് 15 ന് ഫലം പ്രസിദ്ധീകരിക്കും.