പട്ടാമ്പി: വോൾട്ടേജ് കുറവ് പരിഹരിക്കാനായി പരുതൂർ കൂട്ടക്കടവ് ജലസേചനപദ്ധതിയുടെ ട്രാൻസ്ഫോർമർ, പമ്പ് ഹൗസ് സമീപത്തേക്ക് മാറ്റണമെന്ന ആവശ്യം ഇനിയും പ്രാവർത്തികമായില്ല. 15 ലക്ഷംരൂപ ഇതിന് വൈദ്യുതി ഓഫീസിൽ കെട്ടിവെക്കേണ്ടതുണ്ട്. ചെറുകിട ജലസേചനവകുപ്പ് ഇതിന് സാമ്പത്തികാനുമതിക്കായി എഴുതിയിട്ടുണ്ട്. അനുമതി ലഭിച്ചാലും ജലസേചനവകുപ്പിന് തുക വൈദ്യുതി വകുപ്പിന് അടയ്ക്കാൻ നൂലാമാലയേറെയാണ് .
വോൾട്ടേജ് കുറവുകാരണം ഇപ്പോൾ 40 കുതിരശക്തിയുള്ള ഒരു മോട്ടോർ മാത്രമേ ഇവിടെ പ്രവർത്തിപ്പിക്കാൻ കഴിയുന്നുള്ളൂ. ഇവിടെ 50 കുതിരശക്തിയുള്ള ഒരു മോട്ടോർകൂടിയുണ്ട്. മഴ കുറവാകുമ്പോൾ രണ്ടാംവിള നെൽക്കൃഷിക്ക് ജലസേചനത്തിന് രണ്ട് മോട്ടോറുകൾ ഒരേസമയം പ്രവർത്തിക്കണം. മഴ കുറവായി നെല്ലിന് ഉണക്കംബാധിച്ചാൽ 500 ഏക്കർ സ്ഥലത്തേക്ക് ഈ പദ്ധതിവഴി ജലസേചനം നടത്തേണ്ട അവസ്ഥയാണ് .
മുമ്പ് ഇവിടേക്ക് വൈദ്യുതി വന്നിരുന്നത് ഭാരതപ്പുഴയ്ക്കക്കരെ കൂടല്ലുർ കൂമന്തോട് പാലത്തിന് സമീപമുള്ള ട്രാൻസ്ഫോർമറിൽ നിന്നായിരുന്നു. രണ്ടുവർഷം മുമ്പുണ്ടായിരുന്ന പ്രളയത്തിൽ ട്രാൻസ്ഫോർമർ മറിഞ്ഞുവീഴുകയും വൈദ്യുതക്കാലുകൾ ഒടിഞ്ഞുവീഴുകയും ചെയ്തിരുന്നു. തുടർന്ന്, ഒന്നേകാൽക്കിലോമീറ്റർ അകലെയുള്ള പാടത്തിന് നടുക്കുള്ള ട്രാൻസ്ഫോർമറിൽ നിന്ന് പദ്ധതിക്ക് കണക്ഷനാക്കുകയായിരുന്നു. അപ്പോൾത്തന്നെ വോൾട്ടേജ് കുറവ് വലിയ പ്രശ്നമായി .
വൈദ്യുതി വകുപ്പ് ഇത് പരിഹരിക്കാൻ പഴക്കള്ള കമ്പികൾമാറ്റി പുതിയതാക്കി. വോൾട്ടേജ് കൂട്ടാൻ ജംബറുകളിട്ടു. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. പിന്നീട് മൂന്ന് കപ്പാസിറ്ററിട്ടുനോക്കി. വലിയ മാറ്റമുണ്ടായില്ല. ഈ സമയത്താണ് കൂട്ടക്കടവ് പാടശേഖരസമിതി മുമ്പുതന്നെ പലതവണ ആവശ്യപ്പെട്ടിരുന്ന പമ്പ് ഹൗസിന് സമീപം ട്രാൻസ്ഫോർമർ വെക്കണമെന്ന ആവശ്യം സജീവമായത്.