ശാസ്താംകോട്ട: കോവിഡ് 19 സാമൂഹിക വ്യാപന നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ അധികാരികളുടെ നിർദ്ദേശ പ്രകാരം ശാസതാംകോട്ട ഗ്രാമ പഞ്ചായത്തിൽ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും കർശനമാക്കുന്നു. പ്രധാന റോഡ് ഒഴികെയുള്ള എല്ലാ ഇടറോഡുകളും, ചെറിയ വഴികളും അടച്ച് പോലീസ് നിരീക്ഷണം കർശനമാക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്ധ സംഘം ശാസ്താംകോട്ടയിൽ എത്തി. സമ്പർക്കം വഴിയുള്ള രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ .യുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, ആർ.എം.ഒ- ഡോ.അനൂപ്, സൂപ്രണ്ട് ഷഹനാ മുഹദ്, ശാസ്താംകോട്ട ട്ടവുൺ വാർഡ് അംഗം ദിലീപ് കുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഇന്നലെ പുതിയതായി 6 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ശാസ്താംകോട്ട 2,പള്ളിശ്ശേരിക്കൽ 1, ആഞ്ഞിലിമൂട് 3. രണ്ട് ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം 17 ആയി. വ്യാപനം തടയുന്നതിന്റെ ഭാഗമായി തൊഴിലുറപ്പ് ജോലികൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കുന്നതല്ല. സ്രവ പരിശോധനക്കായി താലൂക്കാശുപത്രിയിൽ എത്തുന്നതിനും, തിരികെ മടങ്ങി പോകുന്നതിനും 3 ആംബുലൻസുകൾ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായിശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ആശുപത്രി സൂപ്രണ്ട്, അഡീഷണൽ തഹസീൽദാർ എന്നിവരെ ബന്ധപ്പെടാം. മൽസ്യ വ്യാപാരിയിൽ നിന്ന് സമ്പർക്കം വഴി കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ താലൂക്കിൽ അതീവ ജാഗ്രതാ നിർദേശം. ശാസ്താംകോട്ടഗ്രാമ പഞ്ചായത്ത് മുഴുവൻ കണ്ടയ്ൻമെൻറ് സോണാക്കി.
