ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം. വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഗ്രാമീണൻ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ ബലാക്കോട്ട് മേഖലയിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയത്. ആക്രമണത്തിൽ ഒരു ഗ്രാമീണന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാകിസ്ഥാൻ ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. നേരത്തെ മെൻഡാർ മേഖലയിലും പാകിസ്ഥാൻ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും അതിർത്തിയിൽ പാക് പ്രകോപനം തുടർന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും കശ്മീരിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചിരുന്നു.
ലോകം കൊറോണയ്ക്കെതിരെ പോരാടുമ്പോൾ പാകിസ്ഥാന്റെ ശ്രദ്ധ ഭീകരവാദത്തിലും നുഴഞ്ഞു കയറ്റത്തിലുമാണെന്നാണ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.