ജിദ്ദ : കോവിഡ് ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. കൊല്ലം ചാത്തന്നൂർ സ്വദേശി കുന്നുവിള തോമസ് ജോൺ (54) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മൂന്ന് ആഴ്ചകളോളമായി ജിദ്ദ സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
17 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ സനാഇയയിലെ ഒരു കാർപ്പറ്റ് നിർമാണ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: എം. യോഹന്നാൻ, മാതാവ്: ബേബി യോഹന്നാൻ, ഭാര്യ: സുനു തോമസ്, മക്കൾ: ജൂലി തോമസ് (ഡിഗ്രി വിദ്യാർത്ഥിനി), ജൂബി തോമസ് (പ്ലസ് ടൂ വിദ്യാർത്ഥിനി). നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ സംസ്കരിക്കുമെന്ന് നടപടിക്രമങ്ങൾക്കു നേതൃത്വം നൽകുന്ന കമ്പനി അധികൃതർ അറിയിച്ചു.