പാലക്കാട് : ഉപരിതല ഗതാഗതമാർഗങ്ങൾ വികസിപ്പിക്കാനുള്ള ഭാരത്മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട്-കോഴിക്കോട് ഹരിത ഹൈവേയ്ക്കും യാക്കര ബൈപ്പാസിനും പദ്ധതി. നിലവിലുളള പാലക്കാട്-കോഴിക്കോട് പാതയ്ക്ക് പുറമെയാണിത്. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് കളക്ടറേറ്റിൽ ദേശീയപാതാ അതോറിറ്റി അധികൃതർ വി.കെ. ശ്രീകണ്ഠൻ എം.പി., കളക്ടർ ഡി. ബാലമുരളി എന്നിവരുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി തേടുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു അവതരണം.
മലപ്പുറം, കോഴിക്കോട് ജില്ലകളിലും യോഗം നടക്കും. മലപ്പുറത്ത് ആദ്യഘട്ട യോഗം ഇതിനകം പൂർത്തിയായിട്ടുണ്ട്.
പ്രധാന പട്ടണങ്ങളെയും ജനസാന്ദ്രതയേറിയ സ്ഥലങ്ങളെയും ഒഴിവാക്കിയാവും പുതിയപാത. നിലവിൽ റോഡുള്ള സ്ഥലങ്ങളിൽ റോഡ് ദേശീയപാതാ നിലവാരത്തിലാക്കി വീതികൂട്ടുകയും വളവുകൾ നികത്തി നേരേയുള്ള പാതയാക്കുകയും ചെയ്യും.
വ്യവസായമേഖലയായ പുതുശ്ശേരിയിൽനിന്നാണ് ഗ്രീൻഫീൽഡ് ഹൈവേ ആരംഭിക്കാൻ നിർദേശമുള്ളത്. പുതുശ്ശേരിയിൽനിന്ന് കോഴിക്കോടുവരെ 123 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. നിലവിൽ പാലക്കാട് ടൗണിൽനിന്ന് കോഴിക്കോട്ടേക്ക് 128 കിലോമീറ്ററുണ്ട്. പാലക്കാട് ജില്ലയിൽ മരുതറോഡ്, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂർ, കരിമ്പ, കാരാകുറുശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, കുമരംപുത്തൂർ, കോട്ടോപ്പാടം, അലനല്ലൂർ വില്ലേജുകളിലൂടെ പാത കടന്നുപോവും. ദേശീയപാതാ അതോറിറ്റിയുടെ നേതൃത്വത്തിൽ ആദ്യഘട്ട അലൈൻമെന്റ് പഠനം പൂർത്തിയായിട്ടുണ്ട്. ഇതിന് സംസ്ഥാന സർക്കാരിന്റെ അനുമതിനേടാനായാണ് ജില്ലാതലത്തിലെ പദ്ധതിവിശദീകരണം.
100 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾക്ക് കടന്നുപോകാനാവുന്ന ആറുവരിപ്പാതയ്ക്കാണ് പദ്ധതി. കോഴിക്കോട്-പാലക്കാട് ഹൈവേയും നിർദിഷ്ട പാലക്കാട് ബൈപ്പാസും വരുന്നത് ജില്ലയിലെ വ്യവസായ വികസനത്തിന് വൻകുതിപ്പ് നൽകുമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. പറഞ്ഞു.
വാളയാർ-വടക്കഞ്ചേരി ആറുവരിയാക്കാനും നിർദേശം
വാഹനത്തിരക്ക് പരിഗണിച്ച് വാളയാർ-വടക്കഞ്ചേരി നാലുവരിപ്പാത ആറുവരിപ്പാതയാക്കാൻ നിർദേശമുണ്ട്. എന്നാൽ, ചന്ദ്രനഗർ ഉൾപ്പെടെയുളള പ്രദേശങ്ങളിൽ വീതികൂട്ടിയെടുക്കാൻ പ്രായോഗിക പ്രശ്നങ്ങളുള്ളത് പരിഗണിച്ചാണ് പുതുശ്ശേരിമുതൽ കൊടുമ്പ് പഞ്ചായത്തിലൂടെ കടന്നുവന്ന് പാലക്കാട് ഗവ. മെഡിക്കൽ കോളേജിനുമുന്നിൽ അവസാനിക്കുന്ന 5.6 കിലോമീറ്റർ വരുന്ന ബൈപ്പാസിന് നിർദേശിച്ചിട്ടുള്ളത്.