പാലക്കാട്: ഒരിടവേളയ്ക്കുശേഷം ജില്ലയിൽ വീണ്ടും സമൂഹവ്യാപന ഭീതിയുയർത്തി ഞായറാഴ്ച രണ്ടുപേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു.
പല്ലശ്ശന കൂടല്ലൂർ സ്വദേശിയായ തൃശ്ശൂർ എ.ആർ. ക്യാമ്പിലെ പോലീസുകാരൻ (26), നല്ലേപ്പിള്ളി സ്വദേശിനിയായ വീട്ടമ്മ (55) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥരീകരിച്ചത്.
ഇവരുൾപ്പെടെ ജില്ലയിൽ 15 പേർക്ക് ഞായറാഴ്ച രോഗബാധയുണ്ട്. ഒരാൾക്ക് കോവിഡ് ഭേദമായി. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുെട എണ്ണം 149 ആയി.
മുട്ടിക്കുളങ്ങര കെ.എ.പി. രണ്ടാം ബറ്റാലിയനിൽ നിന്ന് 10-ന് തൃശ്ശൂർ എ.ആർ.ക്യാമ്പിലേക്ക് അറ്റാച്ച്ഡ് ഡ്യൂട്ടിക്ക് പോയതാണ് പോലീസുകാരൻ. കോവിഡ് പരിശോധന നടത്താത്ത തടവുകാർക്കുള്ള തൃശ്ശൂർ ലാലൂർ ജയിലിൽനിന്ന് സാമ്പിൾ ഫലം നെഗറ്റീവായവരെ തൃശ്ശൂർ സബ് ജയിലിലേക്ക് മാറ്റുന്ന ഡ്യൂട്ടിയിലായിരുന്നു.
നെഗറ്റീവായ മൂന്ന് തടവുകാരെ സബ്ജയിലിലേക്ക് കൊണ്ടുപോകുന്നതിനുള്ള എസ്കോർട്ട് ഡ്യൂട്ടിക്ക് പോവുകയും ചെയ്തു.
ഇതിനിടെ ലാലൂരിൽ ഉണ്ടായിരുന്ന ഒമ്പത് തടവുകാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പോലീസുകാരോട് ഡി.ഐ.ജി. ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിരുന്നു.
11-ന് പല്ലശ്ശനയിലെ വീട്ടിലെത്തിയ പോലീസുകാരന്റെ സാമ്പിൾ കഴിഞ്ഞദിവസം ചിറ്റൂർ താലൂക്കാശുപത്രിയിൽ നിന്ന് ശേഖരിച്ചു.
ഞായറാഴ്ച ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചെന്ന് ഡി.എം.ഒ. ഡോ. കെ.പി. റീത്ത പറഞ്ഞു. നല്ലേപ്പിള്ളിയിൽ കോവിഡ് പോസിറ്റീവായ വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ ഉറവിടം വ്യക്തമായിട്ടില്ല.
ദുബായ്, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്നുപേർക്ക് വീതം ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു.
ദുബായിൽനിന്ന് നാലിന് വന്ന ഗർഭിണിയായ പട്ടാമ്പി മുതുതല സ്വദേശിനി (22), 10-ന് വന്ന കേരളശ്ശേരി സ്വദേശി (27), 11-ന് വന്ന മണ്ണൂർ സ്വദേശി (27), കുവൈത്തിൽ നിന്ന് 11-ന് വന്ന പുതുനഗരം സ്വദേശികളായ അമ്മയും (34) മകനും(13), 10-ന് എത്തിയ കേരളശ്ശേരി സ്വദേശിനി (32), സൗദിയിൽനിന്ന് 11-ന് വന്ന നെല്ലായ സ്വദേശി (42), മൂന്നിന് എത്തിയ കപ്പൂർ സ്വദേശി (30), ദമാമിൽനിന്ന് 10-ന് വന്ന ഓങ്ങല്ലൂർ മരുതൂർ സ്വദേശി (31) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
ഒമാനിൽ നിന്നെത്തിയ ചിറ്റൂർ സ്വദേശി (56), ഈജിപ്തിൽ നിന്ന് 16-ന് വന്ന മലമ്പുഴ സ്വദേശി (23), അബുദാബിയിൽ നിന്ന് മൂന്നിന് എത്തിയ കുഴൽമന്ദം സ്വദേശി (29), ഗുജറാത്തിൽ നിന്ന് 11-ന് വന്ന പല്ലാവൂർ സ്വദേശി (26) എന്നിവരും ഞായറാഴ്ച പോസിറ്റീവായി.
ജില്ലക്കാരായ അഞ്ചുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും മൂന്നുപേർ എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലും ഒരാൾവീതം കണ്ണൂർ മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും ചികിത്സയിലുണ്ട്
ജില്ലയിൽ ശനിയാഴ്ച വിദേശത്തുനിന്നെത്തിയത് 19 പാലക്കാട് സ്വദേശികൾ.
ഇവരിൽ 13 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ പ്രവേശിച്ചു. ആറുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്.വീടുകളിലും സർക്കാരിന്റെ കോവിഡ് കെയർ സെന്ററുകളിലുമായി നിലവിൽ 1,731 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.