കല്‍പ്പറ്റ : കൊവിഡ്-19നെതിരെ ഒരൊറ്റ മനസോടെ പ്രതിരോധിക്കാമെന്ന സന്ദേശവുമായി മ്യൂസിക് മ്യൂസിക് സ്റ്റാര്‍സിന്റെ സംഗീത ആല്‍ബം. പുനര്‍ജനി എന്ന പേരില്‍ പുറത്തിറങ്ങിയ ആല്‍ബത്തില്‍ 35 ഗായകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പാടിയത്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ആല്‍ബത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ ദേവിയാണ്. സരുണ്‍ സോമന് സംഗീതം നിര്‍വഹിച്ചിരിക്കുന്ന ആല്‍ബത്തിന്റെ ഓര്‍ക്കസ്ട്ര പൗലോസ് ജോണ്‍സന്റേതാണ്. വിഷ്വലൈസേഷന്‍ നടത്തിയിരിക്കുന്നത് ഇല്ലം ക്രിയേഷന്‍സ് കല്‍പ്പറ്റയാണ്. ലോകം കൊവിഡ്-19നെ കരുതലോടെയും ശ്രദ്ധയോടെയും നേരിട്ട് കൊണ്ടിരിക്കുമ്പോള്‍ ഉയരുന്ന ‘ഇനിയെന്ത്’ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഇവര്‍ ‘പുനര്‍ജനി’യെന്ന ആല്‍ബം ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെ റിലീസ് ചെയ്ത ആല്‍ബം ഒരു ദിവസത്തില്‍ തന്നെ പതിനായിരത്തോളം ആളുകളാണ് കണ്ടതെന്ന് അണിയറ പ്രവര്‍ത്തകരായ അനീഷ ദേവി, സരുണ്‍ സോമന്, മനു ബെന്നി, പൗലോസ് ജോണ്സണ്, പി.ആര് വിജേഷ്, നിതീഷ് നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
