പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ ചെതലയം റെയിഞ്ചില്‍ പെടുന്ന വനാന്തര്‍ഗ്രാമമായ വെട്ടത്തൂരിലെ വിദ്യാര്‍ഥികളെ ചേര്‍ത്ത്പിടിച്ച് വയനാട് പ്രസ്‌ക്ലബ്. കബനിനദിയുടെ തീരത്തെ വനഗ്രാമമായ വെട്ടത്തൂരില്‍ ഒന്ന് മുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് മതിയായ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പഠനസൗകര്യമൊരുക്കാനുള്ള സൗകര്യങ്ങളുമായി പ്രസ്സ്‌ക്ലബ്ബ് ഭാരവാഹികള്‍ കാട് കടന്ന് വെട്ടത്തൂരിലെത്തിയത്. വനമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമെന്ന നിലയില്‍ പ്രകൃതിഭംഗിയോട് ഇണങ്ങി നില്‍ക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് വെട്ടത്തൂരിന്റെ പോരായ്മ. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍ കാട് കടന്ന് പെരിക്കല്ലൂരിലെത്തി പഠനം നടത്തുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചെങ്കിലും വെട്ടത്തൂരിലെ കുട്ടികള്‍ക്ക് പഠനം അത്ര എളുപ്പമായിരുന്നില്ല. സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ഇന്റര്‍നെറ്റ് സൗകര്യം എന്നിവയൊന്നും ആ വനഗ്രാമത്തിലുണ്ടായിരുന്നില്ല. പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ് ഈ വനഗ്രാമത്തിലേറെയും. ജില്ലയിലെ നിരവധി ആദിവാസി കോളനികളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിനായി നിരവധി സന്നദ്ധസംഘടനകളും സജീവ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായാണ് വയനാട് പ്രസ്സ്‌ക്ലബ്ബും വെട്ടത്തൂരിലെ കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നതിനായി മുന്നിട്ടിറങ്ങിയത്. കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ ടെലിവിഷന്‍, ഡിഷ് ടി.വി കണക്ഷന്‍, പുസ്തകങ്ങള്‍, പേന, പെന്‍സില്‍, അനുബന്ധ സാമഗ്രികള്‍ എന്നിവ എത്തിച്ച് നല്‍കിയാണ് വയനാട് പ്രസ്‌ക്ലബ് ഗ്രാമത്തിനൊപ്പം നിന്നത്. കഴിഞ്ഞ ദിവസമാണ് ഈ ഗ്രാമത്തിലെ പഠനത്തിന് ആവശ്യമായ പുസ്തകങ്ങളോ മറ്റ് അനുബന്ധ ഉപകരണങ്ങളോ ഇല്ലായെന്ന വിവരം മാധ്യമപ്രവര്‍ത്തകര്‍ വഴി പുറംലോകമറിയുന്നത്. ഇതേതുടര്‍ന്ന് വയനാട് പ്രസ് ക്ലബിലെ മാധ്യമ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കുട്ടികള്‍ക്ക് ആവശ്യമായ പഠന സാമഗ്രികളെ കുറിച്ച് അധ്യാപികയായ മായയോട് ചോദിച്ചറിഞ്ഞപ്പോഴാണ് വിദ്യഭ്യാസവകുപ്പിന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വീക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഇവിടുത്തെ ഊരുവിദ്യാകേന്ദ്രത്തില്‍ ഇല്ലെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ മനസിലാക്കുന്നത്. ഇതോടെ ഗ്രാമത്തിലെ ഊരുവിദ്യാകേന്ദ്രത്തില്‍ ടെലിവിഷനും ഡിഷ് കണക്ഷനും എടുത്ത് നല്‍കാന്‍ അവര്‍ തീരുമാനിക്കുകയും ഇന്നലെതന്നെ ഇവ ഗ്രാമത്തിലെത്തി വിദ്യാര്‍ഥികള്‍ക്ക് കൈമാറുകയുമായിരുന്നു. ഈ പ്രവര്‍ത്തിക്ക് വയനാട് പ്രസ്‌ക്ലബിനൊപ്പം ചെതലയം റെയിഞ്ച് ഓഫിസര്‍ ശശികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകരും പിന്തുണയേകി. പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസിന്റെ കീഴില്‍ വരുന്ന ഊരുവിദ്യാകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് കെ. സജീവന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ജെയിംസ് എന്നിവര്‍ ചേര്‍ന്ന് ചെതലയം റെയിഞ്ച് ഓഫിസര്‍ ശശികുമാര്‍, അധ്യാപിക മായ എന്നിവര്‍ക്ക് ടെലിവിഷന്‍ കൈമാറി. പുസ്തകങ്ങളുടെ വിതരണം വെട്ടത്തൂര്‍ കൃഷ്ണന്‍ ചെട്ട്യാര്‍ വിദ്യാര്‍ഥിയായ രാഹുലിന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമത്തിലെ ആളുകള്‍ക്കുള്ള പ്രസ് ക്ലബിന്റെ മാസ്‌കുകള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിനു ജോര്‍ജും കെ.സി.വൈ.എം നല്‍കിയ മാസ്‌കുകളുടെ വിതരണം പട്ടാണിക്കൂപ്പ് യൂണിറ്റ് ഭാരവാഹികളായ അഖിന്‍ റോഷ് സജി, ആല്‍ബിന്‍ കൂട്ടുങ്കല്‍ എന്നിവരും നിര്‍വഹിച്ചു. സാനിറ്റൈസര്‍ കൈമാറ്റം വീക്ഷണം ബ്യൂറോചീഫ് എ.എസ് ഗിരീഷും നിര്‍വഹിച്ചു. പരിപാടി ചെതലയം റെയിഞ്ചര്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ സജീവന്‍ അധ്യക്ഷനായ ചടങ്ങില്‍ പുല്‍പ്പള്ളി പ്രസ്‌ഫോറം പ്രസിഡന്റ് ബാബു നമ്പുടാകം, വെട്ടത്തൂര്‍ കൃഷ്ണന്‍ ചെട്ടിയാര്‍ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും അധ്യാപിക മായ സജി നന്ദിയും പറഞ്ഞു. ഊരുമൂപ്പന്‍ ശേഖരന്‍, പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസിലെ അധ്യാപകരായ സന്തോഷ്, കുമാരന്‍, റെജി, പ്രസ്‌ക്ലബ് ജോയിന്റ് സെക്രട്ടറി അദീപ് ബേബി, മാധ്യമ പ്രവര്‍ത്തകരായ ജോമോന്‍ ജോസഫ്, കെ.എസ് മുസ്തഫ, അജിത്ത് കെ, സാജന്‍ തുടങ്ങിയര്‍ പങ്കെടുത്തു.