പാലക്കാട് : അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിയിൽ ചികിൽസക്കായി എത്തുന്ന പ്രായമായവർ, ശാരീരിക ബുദ്ധുമുട്ടുള്ളവർക്ക് ആശുപത്രി ഗേറ്റിൽ നിന്നും അകത്തേക്ക് എത്തിക്കുന്നതിനായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ബാറ്ററി കാർ അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ നഞ്ചപ്പൻ ബാറ്ററി കാർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2020 – 2021 ലെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 1,77,000 രൂപ ചിലവഴിച്ചാണ് മുചക്ര ബാറ്ററി കാർ അനുവദിച്ചത്. ഒരേസമയം ആറ് പേർക്ക് കാറിൽ ഇരിക്കാം. 24 മണിക്കൂറും ആശുപതിയിൽ ബാറ്ററി കാർ സജ്ജമായിരിക്കും. ആശുപത്രിയിലെ ഡ്രൈവർമാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരാണ് കാർ കൈകാര്യം ചെയ്യുക.

അഗളി കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിയിൽ നടന്ന പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ. പ്രഭുദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രജനാരായണൻ , സുമതി സുബ്രമണ്യൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബേബി , ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.