ന്യൂഡൽഹി/കൊച്ചി : രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂടി. കൊച്ചിയില്‍ പെട്രോൾ ലീറ്ററിന് 60 പൈസയും ഡീസലിന് 57 പൈസയുമാണു കൂടിയത്. അഞ്ചുദിവസം കൊണ്ട് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.70 രൂപയുമാണ് വർധന.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) വില കുത്തനെ ഇടിഞ്ഞപ്പോൾ അതിന്റെ നേട്ടം ഉപയോക്താക്കൾക്കു നൽകാത്ത എണ്ണക്കമ്പനികൾ, ക്രൂഡ് വില ഉയർന്നു തുടങ്ങിയതോടെ പെട്രോൾ– ഡീസൽ വിലകൾ തുടർച്ചയായി ഉയർത്തുകയാണ്. കഴിഞ്ഞ മാസങ്ങളിൽ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തിയിരുന്നു.
രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണയുടെ (ബ്രെന്റ് ക്രൂഡ് ഓയിൽ) വില, ഇറക്കുമതിച്ചെലവ് (ഡോളറിനെതിരെ രൂപയുടെ മൂല്യം), വിവിധ നികുതികൾ, ശുദ്ധീകരണച്ചെലവ് തുടങ്ങിയവയെല്ലാം ഇന്ധനവിലയെ ബാധിക്കുന്നുണ്ട്. വില നിശ്ചയിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് (40% പ്രാതിനിധ്യം) അസംസ്കൃത എണ്ണവിലയാണ്. എന്നാൽ രാജ്യാന്തര വിപണിയിൽ വില കൂടുമ്പോൾ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിലുണ്ടാകുന്ന മാറ്റം, വില കുറയുമ്പോൾ ഉണ്ടാകുന്നില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു.