തിരുവനന്തപുരം : മെഡിക്കൽ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് ആരോഗ്യമന്ത്രിയുടെ ശാസന. മെഡിക്കൽ കോളജ് സൂപ്രണ്ടിനെയും ആർ.എം.ഒയെയും ഓഫിസിലേക്ക് വിളിച്ചുവരുത്തി മന്ത്രി കെ.കെ. ശൈലജ വിശദീകരണം ആവശ്യപ്പെടുകയും സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നൽകുകയും ചെയ്തു . കുറ്റക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞതായാണ് വിവരം.
തിരുവനന്തപുരം സ്വദേശികളായ സജികുമാര്‍, മുരുകേശന്‍ എന്നിവരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ബുധനാഴ്ച ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ആനാട് സ്വദേശിയായ സജികുമാര്‍ കടന്നിരുന്നു. നാട്ടുകാരാണ് ഇയാളെ തടഞ്ഞ് ദിശയുടെ വാഹനത്തില്‍ വീണ്ടും മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇയാളുടെ അവസാനത്തെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു.
ഐസൊലേഷൻ വാർഡിലുണ്ടായിരുന്ന മുരുകേശന്‍ വൈകുന്നേരത്തോടെ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. തമിഴ്നാട്ടിലെ പന്നിഫാമില്‍ ജീവനക്കാരനായിരുന്നു ഇയാള്‍. ലോക്ഡൗണ്‍ തുടങ്ങിയശേഷം ചൊവ്വാഴ്ചയാണ് നെടുമങ്ങാട്ടെ വീട്ടില്‍ തിരിച്ചെത്തിയത്. വീട്ടിലെത്തിയശേഷം രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയ ഇയാളെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെത്തി മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. അമിത മദ്യപാനാസക്തിയെ തുടർന്ന് ഇയാൾ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.